2030 ഓടെ ഇന്ത്യയും ഗ്രീസും തമ്മിലുളള ഉഭയകക്ഷി വ്യാപാരം രണ്ട് മടങ്ങായി വര്‍ധിപ്പിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോഡി

2030 ഓടെ ഇന്ത്യയും ഗ്രീസും തമ്മിലുളള ഉഭയകക്ഷി വ്യാപാരം രണ്ട് മടങ്ങായി വര്‍ധിപ്പിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഇന്ത്യയും ഗ്രീസും തമ്മിലുളള ഉഭയകക്ഷി വ്യാപാരം 2030 ഓടെ രണ്ട് മടങ്ങായി വര്‍ധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിസ്‌തോടാകിസിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമായതിന്റെ പ്രതിഫലനമാണെന്നും അദേഹം പറഞ്ഞു. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന റെയ്‌സീന ഡയലോഗില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് കിരിയാക്കോസ് മിസ്‌തോടാകിസ് ഇന്ത്യയില്‍ എത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര എന്നിവരും പ്രതിനിധിതല ചര്‍ച്ചയില്‍ പങ്കെടുത്തു.

2023 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറിന്റെ പുരോഗതിയില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. 16 വര്‍ഷത്തിന് ശേഷമുള്ള ഗ്രീക്ക് തലവന്റെ ഇന്ത്യാ സന്ദര്‍ശനം ചരിത്രപരമായ സന്ദര്‍ഭമാണ്. 2030 ഓടെ ഉഭയകക്ഷി വ്യാപാരം രണ്ട് ഇരട്ടിയാക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ തുടങ്ങി ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ, നൈപുണ്യ വികസനം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കും.

പരസ്പര സഹകരണത്തിന് പുതിയ ദിശാബോധം നല്‍കുന്ന നിരവധി പുതിയ അവസരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ-സുരക്ഷ രംഗത്ത് വര്‍ധിച്ചു വരുന്ന സഹകരണം ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണ് . പ്രതിരോധ വ്യവസായ മേഖലയിലെ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിനുള്ള സാധ്യതകള്‍ ആരായും. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് നിലകൊള്ളുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയും ഗ്രീസും തമ്മിലുള്ള ബന്ധത്തിന് രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. രണ്ടും ലോകത്തിലെ തന്നെ അതിപുരാതന സംസ്‌കാരങ്ങളാണ്. പുരാതന കാലം മുതല്‍ തന്നെ ഇരുവരും തമ്മില്‍ വ്യാപാര-സാംസ്‌കാരിക കൈമാറ്റം നിലവിലുണ്ട്. ഈ ബന്ധങ്ങള്‍ക്ക് ആധുനിക രൂപം കൈവരാനുള്ള ശ്രമമാണ് നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.