യുപിയില്‍ കോണ്‍ഗ്രസിന് കിട്ടിയ 17 സീറ്റുകളില്‍ 12 ഉം കഴിഞ്ഞ തവണ കെട്ടിവച്ച തുക കിട്ടാത്ത മണ്ഡലങ്ങള്‍; എസ്പി സഖ്യം തുണയാകുമോ?

യുപിയില്‍ കോണ്‍ഗ്രസിന് കിട്ടിയ 17 സീറ്റുകളില്‍ 12 ഉം കഴിഞ്ഞ തവണ കെട്ടിവച്ച തുക കിട്ടാത്ത മണ്ഡലങ്ങള്‍; എസ്പി സഖ്യം തുണയാകുമോ?

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സീറ്റ് വിഭജനം സംബന്ധിച്ച് സമാജ് വാദി പാര്‍ട്ടിയുമായി ധാരണയിലെത്തിയെങ്കിലും കോണ്‍ഗ്രസിന് ലഭിച്ച 17 സീറ്റുകളില്‍ 12 എണ്ണവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച തുക പോലും ലഭിക്കാത്ത മണ്ഡലങ്ങള്‍.

ഇപ്പോള്‍ ലഭിച്ച ബന്‍സ്ഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനര്‍ഥി പോലും ഉണ്ടായിരുന്നില്ല. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും യോജിച്ച് മത്സരിക്കാന്‍ തീരുമാനായത്.

റായ്ബറേലി, അമേഠി, കാണ്‍പൂര്‍, ഫത്തേപൂര്‍ സിക്രി, ബന്‍സ്ഗാവ്, സഹാറന്‍പൂര്‍, പ്രയാഗ്‌രാജ്, മഹാരാജ്ഗണ്ഡ്, വാരാണസി, അംരോഹ, ഝാന്‍സി, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, മഥുര, സീതാപൂര്‍, ബരാബങ്കി, ദിയോറിയ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുക.

പതിനേഴ് സീറ്റുകളില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാരാണസിയാണ്. മറ്റൊന്ന് സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയാണ്. ഈ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിന് കാര്യമായ വിജയ പ്രതീക്ഷയില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസിന് മത്സരിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയായിരുന്നു. 67 സ്ഥലത്ത് മത്സരിച്ച കോണ്‍ഗ്രസിന് 63 സീറ്റുകളില്‍ കെട്ടിവച്ച കാശുപോലും നഷ്ടമായി. രാഹുല്‍ ഗാന്ധി മത്സരിച്ച സിറ്റിങ് സീറ്റായ അമേഠിയല്‍ വന്‍ പരാജയവും ഏറ്റുവാങ്ങി.

സഖ്യമായി മത്സരിക്കാനുള്ള തീരുമാനത്തോടെ സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യം. 80 സീറ്റുകളില്‍ 62 ഇടത്ത് സമാജ് വാദിപാര്‍ട്ടിയും പതിനേഴ് ഇടത്ത് കോണ്‍ഗ്രസും ഒരിടത്ത് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും മത്സരിക്കും. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും സംയുക്തമായാണ് മത്സരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.