ഹൂസ്റ്റൺ: ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം സ്വന്തമാക്കി ഒഡീഷ്യസ്. ചാന്ദ്രപര്യവേഷണത്തിൽ ചരിത്രം കുറിച്ച് അമേരിക്കയുടെ റോബോട്ടിക് പേടകമായ ഒഡീഷ്യസ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്നും 300 കിലോ മീറ്റർ അകലെയുള്ള മലപേർട്ട് എ (എന്ന ഗർത്തത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. ഇതോടെ 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കൻ ബഹിരാകാശ പേടകമായിരിക്കുകയാണ് ഒഡീഷ്യസ്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോടൊപ്പം ചേർന്ന് സ്വകാര്യ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസ് നിർമ്മിച്ച പേടകമാണ് ഒഡീഷ്യസ്. ഈസ്റ്റേൺ ടൈം സോൺ പ്രകാരം വൈകിട്ട് 6.23ഓടെയാണ് ദൗത്യം വിജയകരമായത്. അവസാന ഘട്ടത്തിലുണ്ടായ ചില സാങ്കേതിക തടസങ്ങളെ മറികടന്ന് ഒഡീഷ്യസ് ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു. നോവ - സി എന്നാണ് ലാൻഡറിന്റെ യഥാർത്ഥ പേര്.
“ഹൂസ്റ്റൺ നമ്മുടെ ഒഡീഷ്യസ് അതിന്റെ പുതിയ വീട് കണ്ടെത്തിയിരിക്കുകയാണ്” എന്നായിരുന്നു സോഫ്റ്റ് ലാൻഡിങിന് ശേഷം കമ്പനി മേധാവി ടിം ക്രെയ്ൻ പ്രഖ്യാപിച്ചത്. ഫെബ്രുവരി 15 നായിരുന്നു ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഒഡീഷ്യസ് കുതിച്ചത്.
സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ നാസയുടെ ആറ് പേലോഡുകളുമായിട്ടായിരുന്നു ചന്ദ്രനിലേക്കുള്ള യാത്ര. 14 അടി നീളമുള്ള ലാൻഡർ വെറും ആറ് ദിവസം കൊണ്ടാണ് ചന്ദ്രനിലെത്തിയത്. ഇതിനിടെ 6,20000 മൈലുകൾ സഞ്ചരിച്ചിരുന്നു. ഇനി വരുന്ന ഒരാഴ്ചയോളം ഒഡീഷ്യസ് ചന്ദ്രനിൽ പര്യവേഷണം നടത്തും.
നാസയുടെ സഹായത്തോടെ സ്വകാര്യ പേടകത്തെ ചന്ദ്രനിലിറക്കാൻ മറ്റൊരു കമ്പനി കഴിഞ്ഞ മാസം ശ്രമിച്ചിരുന്നു. എങ്കിലും വിക്ഷേപണം പരാജയപ്പെട്ടു. പിറ്റ്സ്ബർഗിൽ നിന്നുള്ള ആസ്ട്രോബോട്ടിക് ടെക്നോളജിയുടെ പേടകമാണ് വിക്ഷേപിച്ചത്. ചാന്ദ്രദൗത്യത്തിനായി ഒമ്പത് സ്വകാര്യ കമ്പനികളുമായി 2019ൽ നാസ കരാറിലേർപ്പെട്ടിരുന്നു. ഇതിൽ ഉൾപ്പെട്ട കമ്പനികളാണ് ഇന്റ്യൂറ്റീവ് മെഷീൻസും ആസ്ട്രോബോട്ടിക് ടെക്നോളജിയും.
നേരത്തെ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഗവേഷണ ഏജൻസികൾക്ക് മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ സാധിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിലേക്ക് ചേർക്കപ്പെട്ടിരിക്കുകയാണ് ഒഡീഷ്യസിന്റെ വിജയഗാഥ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.