ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ സര്‍വകലാശാല കോമ്പൗണ്ടിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ആണ് സ്ഫോടനത്തിന്ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിന് മുന്നിലായിരുന്നു സ്‌ഫോടനം നടന്നതെന്നാണ് വിവരം. സ്‌ഫോടനത്തില്‍ പരുക്കേറ്റ രണ്ടുപേരെയും രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരാളെ രക്ഷിക്കാനായില്ല.
മണിപ്പൂരിൽ കലാപത്തിന് വഴിവച്ച ഉത്തരവ് മണിപ്പൂർ ഹൈക്കോടതി കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. ഭൂരിപക്ഷ ജന വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടിക വർഗമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടിക വർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം കലാപം പൊട്ടിപ്പുറപ്പെട്ടത്.
കലാപം ഒരു വർഷം പിന്നിട്ടിട്ടും സംസ്ഥാനം ഇതുവരെ സാധാരണ നിലയിലേക്ക് ആയിട്ടില്ല. കലാപത്തിൽ ഏതാണ്ട് ഇരുന്നൂറിനു മുകളിൽ ആളുകളാണ് മരിച്ചത്. പുതിയ ഉത്തരവിൽ ഗോത്ര വിഭാഗങ്ങളെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ മുൻ ഉത്തരവ് ഹൈക്കോടതി ഉദ്ധരിച്ചു.
പട്ടിക വർഗ പട്ടികയിൽ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ കോടതികൾക്കു സാധിക്കില്ല. കേന്ദ്ര സർക്കാരിനാണു അതിന്റെ ചുമതലയെന്നും അന്ന് ഭരണഘടനാ ബഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് അന്നത്തെ ഹൈക്കോടതി ഉത്തരവിലെ നിർദ്ദേശം റദ്ദാക്കാൻ ജസ്റ്റിസ് ഗോൽമി ഗൈഫുൽഷില്ലു ഉത്തരവിട്ടത്. 2023 മാർച്ച് 27ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എംവി മുരളീധരന്റെ ഉത്തരവ് സുപ്രീം കോടതിയും നേരത്തെ ചോദ്യം ചെയ്തിരുന്നു. കുക്കി വിഭാഗത്തിന്റെ ഹർജി പരിഗണിച്ചപ്പോഴായിരുന്നു പരമോന്നത കോടതി അന്നു ചോദ്യം ഉന്നയിച്ചത്.
ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ് വിഭാഗത്തിനു പട്ടിക വർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ സംഘടന ചുരാചന്ദ്പുരിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് പിന്നീട് കലാപമായി മാറിയത്. മെയ്തെയ് വിഭാഗത്തെ അനുകൂലിച്ച് ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി മണിപ്പൂരും രംഗത്തിറങ്ങിയതോടെയാണ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ജനം ഏറ്റമുട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.