മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകന്‍ അലക്സി നവല്‍നിയെ ഹൃദയത്തില്‍ ശക്തമായി ഒറ്റ ഇടി ഇടിച്ച് കൊലപ്പെടുത്തിയതായിരിക്കാമെന്ന സംശയം പ്രകടിപ്പിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. സോവിയറ്റ് കാലഘട്ടത്തിലെ കുപ്രസിദ്ധ ചാരസംഘടനയായിരുന്ന കെ.ജി.ബി ഉപയോഗിച്ചിരുന്ന രീതിയാണിത്.
ഒരാഴ്ച മുമ്പ് ജയിലില്‍ മരിച്ച നവല്‍നിയുടെ മൃതദേഹം ഇനിയും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. കെ.ജെ.ബി ഇത്തരത്തില്‍ ആളുകളെ കൊല്ലാറുണ്ടെന്ന് മനുഷ്യാവകാശ ഗ്രൂപ്പായ ഗുലാഗു.നെറ്റ് സ്ഥാപകന്‍ വ്‌ളാഡിമിര്‍ ഒസെച്കിന്‍ ടൈംസ് ഓഫ് ലണ്ടനോട് പറഞ്ഞു.
ശരീരത്തിന്റെ മധ്യഭാഗത്ത് ഹൃദയത്തില്‍ ശക്തമായി ഇടിച്ച് ഒരാളെ കൊല്ലുന്ന രീതി കെ.ജി.ബി തങ്ങളുടെ സേനാംഗങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ഒസെച്കിന്‍ പറഞ്ഞു. ഹൃദയത്തിലേക്ക് നേരിട്ട് ആഘാതമെത്തുന്ന രീതിയാണിത്. കെ.ജി.ബിയുടെ മുഖ്യമുദ്രയായിരുന്നു ഈ രീതിയെന്നും ഒസെച്കിന്‍ പറഞ്ഞു.
1991 ഡിസംബര്‍ 3ന് ഇത് ഔദ്യോഗികമായി പിരിച്ചുവിട്ടു. പിന്നീട് റഷ്യയില്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് (എസ്വിആര്‍) രൂപീകരിക്കുകയും അത് പിന്നീട് ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) ആയി മാറുകയും ചെയ്തു.
കൊല്ലുന്നതിന് മുമ്പ് തണുത്ത താപനിലയില്‍ അലക്സിയെ മണിക്കൂറുകളോളം നിര്‍ത്തി. ഇതോടെ രക്തയോട്ടം മന്ദഗതിയിലാകും. പിന്നീട് ഒരാളെ കൊല്ലാന്‍ വളരെ എളുപ്പവുമാണ്. പുടിന്റെ ഏറ്റവും ശക്തനായ വിമര്‍ശകനായ അലക്സിയുടെ ശരീരത്തില്‍ നിരവധി ചതവുകളുടെ അടയാളങ്ങള്‍ ഉണ്ടായിരുന്നു.
ജയിലില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നേരിട്ട് ഫോറിന്‍ മെഡിസിന്‍ ബ്യൂറോയിലേക്ക് കൊണ്ടുപോകാറാണ് പതിവ്. എന്നാല്‍ അലക്സി നവല്‍നിയുടെ മൃതദേഹം ഒരു ക്ലിനിക്കല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ശരീരത്തിലെ ചതവുകള്‍ മല്‍പ്പിടുത്തം നടക്കുമ്പോള്‍ ഒരാള്‍ക്ക് അനുഭവപ്പെടുന്ന അടയാളങ്ങളോട് സാമ്യമുള്ളതാണ്.
തീവ്രവാദക്കുറ്റമടക്കം വിവിധ കേസുകളിലായി 30 വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ട നവല്‍നിയെ ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. മോസ്‌കോയില്‍നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള അതിസുരക്ഷാ ജയിലിലാണ് നവല്‍നിയെ പാര്‍പ്പിച്ചിരുന്നത്.
നവല്‍നിയുടെ മൃതദേഹം ഇതുവരെ കുടുംബത്തിന് വിട്ടുകൊടുത്തിട്ടില്ല. മൃതദേഹം എന്ത് ചെയ്തുവെന്ന് വെളിപ്പെടുത്താന്‍ റഷ്യന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പൊതുദര്‍ശനവും സംസ്‌കാരവും ഒഴിവാക്കാന്‍ നവല്‍നിയുടെ മൃതദേഹം അധികൃതര്‍ ജയിലിന് സമീപം തന്നെ സംസ്‌കരിച്ചിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളും ബന്ധുക്കളും ആരോപിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ മൃതദേഹത്തെപ്പോലും പുടിന്‍ പീഡിപ്പിക്കുകയാണെന്ന് നവല്‍നിയുടെ ഭാര്യയായ യൂലിയ നവല്‍നായ ശനിയാഴ്ച പുറത്തിറക്കിയ വീഡിയോയില്‍ ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.