ടി.പി വധക്കേസ്: വധശിക്ഷ നല്‍കാതിരിക്കാന്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് ഹൈക്കോടതി; വിവിധ കാരണങ്ങള്‍ നിരത്തി പ്രതികള്‍

ടി.പി വധക്കേസ്: വധശിക്ഷ നല്‍കാതിരിക്കാന്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് ഹൈക്കോടതി; വിവിധ കാരണങ്ങള്‍ നിരത്തി പ്രതികള്‍

കൊച്ചി: തങ്ങള്‍ക്ക് വധശിക്ഷ നല്‍കരുതെന്നും കുടുംബം തങ്ങളെ ആശ്രയിച്ചാണ് കഴിയുന്നതെന്നും അതിനാല്‍ നിലവിലുള്ള ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. കുറ്റകൃത്യത്തില്‍ വധ ശിക്ഷയോ അതിനടുത്ത ശിക്ഷയോ നല്‍കാതിരിക്കാന്‍ കാരണങ്ങളുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനാണ് പ്രതികളുടെ പ്രതികരണം.

പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണോ എന്നതില്‍ വാദം കേള്‍ക്കാനാണ് പ്രതികളെ ഹാജരാക്കിയത്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 12 പേരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

ഓരോ പ്രതിയെയും വിചാരണക്കൂട്ടിലേയ്ക്ക് കയറ്റി കോടതി കുറ്റങ്ങള്‍ ബോധിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ജ്യോതി ബാബുവിനെ ഓണ്‍ലൈന്‍ വഴിയാണ് ഹാജരാക്കിയത്. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ എംഎല്‍എ വിധി കേള്‍ക്കാന്‍ കോടതിയില്‍ നേരിട്ട് എത്തി.

താന്‍ നിരപരാധി ആണന്നായിരുന്നു ഒന്നാം പ്രതി എംസി അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും കോടതിയില്‍ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ ശിക്ഷ ഇളവ് ചെയ്യണം എന്നും ഇയാള്‍ ആവശ്യപ്പെട്ടു.

കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മുഖ്യപ്രതികളില്‍ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായ അമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വര്‍ധിപ്പിക്കണം എന്ന സര്‍ക്കാരിന്റെയും രമയുടെയും ആവശ്യത്തില്‍ ഒന്നും ബോധിപ്പിക്കാനില്ലെന്നും ഇയാള്‍ പറഞ്ഞു.

കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നും കെ.കെ കൃഷ്ണന്‍ പറഞ്ഞു. ദൈനം ദിന കാര്യങ്ങള്‍ ചെയ്യാന്‍ പോലും പര സഹായം ആവശ്യമുണ്ടെന്നും കോടതിയില്‍ കൃഷ്ണന്‍ പറഞ്ഞു. ശിക്ഷാ കാലയളവില്‍ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷന്‍ എടുത്തതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം.

തുടര്‍ന്ന് പ്രതികളുടെ മാനസിക ശാരീരിക പരിശോധനാ ഫലം, ജയിലിലെ പെരുമാറ്റ രീതി എന്നിവ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറി. പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതിന് മുന്‍പ് വാദം കേള്‍ക്കണമെന്ന പ്രതിഭാഗം ആവശ്യം കോടതി അംഗീകരിച്ചു.

പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ നല്‍കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. രേഖകളുടെ പകര്‍പ്പ് പ്രതിഭാഗത്തിനും പ്രോസിക്യൂഷനും നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പിന്നാലെ കേസ് നാളത്തേക്ക് മാറ്റി. നാളെ 10.15 ന് തന്നെ പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിച്ചേക്കും.

എം.സി അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, പി.കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്ന് വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. 36 പ്രതികളില്‍ മോഹനന്‍ ഉള്‍പ്പടെ 24 പേരെ വെറുതെ വിട്ടിരുന്നു.

വടകരയ്ക്കടുത്ത് ഒഞ്ചിയത്തു വച്ച് 2012 മേയ് നാലിനാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. പ്രതികള്‍ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎമ്മില്‍ നിന്ന് വിട്ടുപോയി ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കിയതില്‍ പകവീട്ടുകയായിരുന്നുവെന്നാണ് കേസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.