സാംസ്‌കാരിക ശോഷണം തടയാന്‍ യഹൂദ-ക്രിസ്ത്യന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

സാംസ്‌കാരിക ശോഷണം തടയാന്‍ യഹൂദ-ക്രിസ്ത്യന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

കാന്‍ബറ: പാശ്ചാത്യ സമൂഹത്തിന്‍ മേല്‍ പിടിമുറുക്കുന്ന വെല്ലുവിളികള്‍ക്കെതിരേ നിലകൊള്ളാന്‍ യഹൂദ-ക്രിസ്ത്യന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. യഹൂദ-ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ നിന്ന് പാശ്ചാത്യര്‍ അകന്നു പോകുന്നതിനെതിരേ നാം ജാഗ്രത പാലിക്കണം. ഇത്തരം മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു നമ്മുടെ സമൂഹത്തെ മൂല്യരഹിതമായ ജീവിത സംസ്‌കാരത്തിലേക്കു നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിന്റെ വിജയകരമായ ജനാധിപത്യത്തിന് അടിത്തറയിടുന്നത് പരസ്പര ബന്ധിതമായി നിലകൊള്ളുന്ന യഹൂദ-ക്രിസ്ത്യന്‍ മൂല്യങ്ങളാണ്. എന്നാല്‍ സ്വേച്ഛാധിപത്യം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ രാജ്യത്തിന്റെ സ്വത്വം തന്നെ നഷ്ടപ്പെടാന്‍ കാരണമാകും. ഓസ്ട്രേലിയയുടെ പരമാധികാരത്തിനെതിരായ ആഗോള ഭീഷണികള്‍ വര്‍ധിച്ചുവരികയാണെന്നും സ്‌കോട്ട് മോറിസണ്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ പ്രധാനമന്ത്രിയും കുക്കില്‍നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ സ്‌കോട്ട് മോറിസണ്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണ്, രാജ്യത്ത് വര്‍ധിച്ചുവരുന്ന യഹൂദ വിരുദ്ധതയ്‌ക്കെതിരേ മുന്നറിയിപ്പു നല്‍കിയത്. 'ദി ഓസ്ട്രേലിയന്‍' എന്ന മാധ്യമത്തോടാണ് അദ്ദേഹം മനസു തുറന്നത്.

ഓസ്‌ട്രേലിയയുടെ മതേതര സ്വഭാവത്തിനു വഴികാട്ടിയായിരുന്നത് ജൂഡോ-ക്രിസ്ത്യന്‍ ധാര്‍മ്മിക മൂല്യങ്ങളാണ്. യഹൂദ വിരുദ്ധത വര്‍ധിക്കുമ്പോള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വ്യതിചലനമുണ്ടാകും. ലോകത്തിലെ ഏറ്റവും വിജയകരമായ ജനാധിപത്യമാണ് ഓസ്ട്രേലിയ. സ്വേച്ഛാധിപത്യത്തിന് എതിരായിട്ടാണ് അതു നിലകൊള്ളുന്നത്.

മാനുഷിക അന്തസിനോടുള്ള ബഹുമാനം, പ്രാതിനിധ്യ ജനാധിപത്യം എന്നിവ യഹൂദ-ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് മോറിസണ്‍ പറഞ്ഞു. ഈ അടിസ്ഥാന തത്വങ്ങളില്‍ നിന്നാണ് ഓസ്ട്രേലിയന്‍ മൂല്യങ്ങള്‍ കെട്ടിപ്പടുത്തതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.