രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് കേരളത്തില്‍: ജാഗ്രതാ നിര്‍ദേശം; അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് കേരളത്തില്‍: ജാഗ്രതാ നിര്‍ദേശം; അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് കേരളത്തില്‍ കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രം. ഈ മാസം 29 വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്.

തുടര്‍ച്ചയായ രണ്ടാം ദിവസവും കോട്ടയത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. 28.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട്. സാധാരണയെക്കാള്‍ നാല് ഡിഗ്രി കൂടുതലാണ്. സീസണില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് കൂടിയാണിത്.

പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. രാത്രിയിലും താപനിലയില്‍ വലിയ തോതില്‍ കുറവ് അനുഭവപ്പെടുന്നില്ല. 27-30 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പലയിടത്തും രാത്രിയിലും താപനില ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്.

2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ( സാധാരണയെക്കാള്‍ 2 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പവുമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളില്‍ ഒഴികെ 29 വരെ ഉയര്‍ന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത ഉണ്ട്.

ജാഗ്രതാ നിര്‍ദേശം:

പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ചൂട് വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍ മാലിന്യ ശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്തങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടു തീ വ്യാപിക്കാനുള്ള സാധ്യതയും ഉണ്ട്. വന മേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടി വെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാ കാലമായാല്‍ പരീക്ഷാ ഹാളുകളിലും ജല ലഭ്യത ഉറപ്പാക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.