ലോക്‌സഭാ തിരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍.

ജില്ലകളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിക്കാന്‍ ജില്ലകളില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവ യഥാസമയം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

തിരഞ്ഞെടുപ്പിനുള്ള ജില്ലകളിലെ ക്രമീകരണങ്ങള്‍ പൂര്‍ണമാണ്. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍ അവസാന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പ്രശ്‌ന സാധ്യത ബൂത്തുകള്‍ നിര്‍ണയിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ജില്ലകളിലെ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യങ്ങള്‍, ബൂത്തുകള്‍, വോട്ടിങ് മെഷീന്‍ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോങ് റൂം, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയ്ക്കുള്ള ക്രമീകരണം സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ വിശദീകരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്ക്കു പുറത്തേക്ക് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി വിന്യസിക്കുമ്പോള്‍ ജോലി ചെയ്തിരുന്ന അതേ പാര്‍ലമെന്റ് മണ്ഡല പരിധിയില്‍ തന്നെ നിയമിക്കരുതെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.