ഷാർജ നിവാസികൾ സുരക്ഷയിൽ സംതൃപ്തർ; ഗുരുതര കുറ്റകൃത നിരക്കിൽ കുറവ്

ഷാർജ നിവാസികൾ സുരക്ഷയിൽ സംതൃപ്തർ; ഗുരുതര കുറ്റകൃത നിരക്കിൽ കുറവ്

ഷാർജ: ഷാർജ പോലീസ് 89,772 ഹൈടെക് നിരീക്ഷണ ക്യാമറകൾ എമിറേറ്റിൽ സ്ഥാപിച്ചതിൻ്റെ ഫലമായി തങ്ങൾ സുരക്ഷിതരാണെന്ന് ഷാർജ നിവാസികൾ. 99.3 ശതമാനം താമസക്കാർക്കും സുരക്ഷ നിലനിർത്താനുള്ള കഴിവിൽ വിശ്വാസമുണ്ടെന്നും 99.1 ശതമാനം പേർ പൊലീസ് സ്റ്റേഷനുകളെ വിശ്വസിക്കുന്നുവെന്നും ഷാർജ പോലീസ് ചൂണ്ടിക്കാട്ടി.

ഷാർജയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ വർഷം ഒരു ലക്ഷം പേർക്ക് 40 സംഭവങ്ങളായി കുറഞ്ഞുവെന്ന് മാധ്യമപ്രവർത്തകരുമായുള്ള മുഖാണുഖത്തിൽ ഷാർജ പൊലീസ് തലവൻ മേജർ ജനറൽ സെയ്ഫ് അൽ സിരി അൽ ഷംസി പറഞ്ഞു. 'സുരക്ഷിതവും സുസ്ഥിരവുമായ ഭാവിയിലേയ്ക്ക് ഒരുമിച്ച്' എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

നിരീക്ഷണ ക്യാമറ പദ്ധതി 90 ശതമാനം പൂർത്തിയായതായി ഷാർജ പൊലീസിലെ ഇലക്ട്രോണിക് സേവന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഗസൽ പറഞ്ഞു. 2023 അവസാനം വരെ സ്ഥാപിച്ചിട്ടുള്ള 89,772 ക്യാമറകളിൽ തത്സമയ കാഴ്ചയും എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ) ഉപകരണങ്ങളും ഉൾപ്പെടുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രതികളെ പിടികൂടുന്നതിൽ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ 100 ശതമാനം വിജയം കൈവരിച്ചു.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്ന റഡാറുകൾ 9 ശതമാനം വർധിപ്പിച്ചതിൻ്റെ ഫലമായി ട്രാഫിക് അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ട്രാഫിക് പിഴകളിൽ 35 ശതമാനം കിഴിവ് ഏർപ്പെടുത്തിയത് പിഴകൾ തീർപ്പാക്കുന്നതിനും വാഹന ലൈസൻസുകൾ പുതുക്കുന്നതിനും ആളുകളെ പ്രേരിപ്പിച്ചു. പിഴ തീർപ്പാക്കിയ ശേഷം 2,42,000 പേർ പുതുക്കി. തിരക്കേറിയ റോഡുകളിലെ ഗതാഗതം സുഗമമാക്കാനുള്ള പദ്ധതികളിൽ കാറുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ചുവപ്പോ പച്ചയോ ആയി മാറുന്ന 48 എ െഎ-ഓപറേറ്റഡ് ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഷാർജ പൊലീസിന്‍റെ പ്രതികരണ സമയം 2022-ലെ 4.58 മിനിറ്റിനെ അപേക്ഷിച്ച് 2023-ൽ 3.39 മിനിറ്റാണ് എടുത്തത്. കൺട്രോൾ റൂം 901 നോൺ എമർജൻസി നമ്പറിൽ 20,35,859 കോളുകളും 999 നമ്പരിൽ 4,21,370 കോളുകളും കൈകാര്യം ചെയ്തു.