വാഷിങ്ടൺ: യേശുവിന്റെ കുരിശുമരണ രംഗങ്ങൾ തീവ്രമായി അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളിൽ തരംഗമായ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’ എത്തുന്നത് പുതിയ താരനിരയുമായി. മെൽ ഗിബ്സൺ സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്.
ആദ്യഭാഗത്തിൽ യേശുവായി അഭിനയിച്ച ജിം കാവിസെലിന്റെ സ്ഥാനത്ത് ഫിന്നിഷ് നടൻ ജാക്കോ ഒഹ്ടോണൻ വേഷമിടും. യേശുവിന്റെ മാതാവായ മറിയത്തിന്റെ വേഷം മായ മോർഗൻസ്റ്റേണിന് പകരം പോളിഷ് നടി കാസിയ സ്മട്‌നിയാക് അവതരിപ്പിക്കും.
മോണിക്ക ബെല്ലൂച്ചി ചെയ്തിരുന്ന മറിയം മഗ്ദലേനയുടെ വേഷത്തിൽ ക്യൂബൻ-അമേരിക്കൻ നടി മരിയേല ഗാരിഗാ എത്തും. പത്രോസായി പിയർ ലൂയിജി പാസിനോ, പന്തിയോസ് പീലാത്തോസായി റിക്കാർഡോ സ്കാമാർസിയോ എന്നിവരും അഭിനയിക്കുന്നു.
പുതിയ താരങ്ങളെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം സമയപരിധിയും സാങ്കേതിക ചെലവുമാണെന്ന് സിനിമയുടെ നിർമ്മാതാക്കൾ അറിയിച്ചു. ക്രിസ്തുവിന്റെ കുരിശു മരണത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം ആരംഭിക്കുന്ന കഥാവിഭാഗമായതിനാൽ പഴയ താരങ്ങളുമായി ‘ഡീ-ഏജിംഗ്’ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ചെലവേറിയതും പ്രായോഗികമല്ലാത്തതുമാണെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.
മെൽ ഗിബ്സൺയും റാൻഡൽ വാലസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. റോമിലെ സിനിസിറ്റ സ്റ്റുഡിയോയിൽ ചിത്രീകരണം ആരംഭിച്ചു. ‘ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്: പാർട്ട് വൺ’ 2027 മാർച്ച് 26 ദുഖവെള്ളി ദിനത്തിലും രണ്ടാമത്തെ ഭാഗം 2027 മെയ് ആറിന് സ്വർഗാരോഹണ തിരുനാൾ ദിനത്തിലും പ്രദർശനത്തിനെത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.