അമേരിക്കയിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ചാര്‍ളി കിര്‍ക്കിന് സമ്മാനിച്ച് ട്രംപ്

അമേരിക്കയിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ചാര്‍ളി കിര്‍ക്കിന് സമ്മാനിച്ച് ട്രംപ്

വാഷിങ്ടൺ: വെടിയേറ്റ് മരിച്ച ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്കിന് മരണാനന്തര ബഹുമതിയായി രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം സമ്മാനിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചാര്‍ളി കിര്‍ക്കിന്റെ മുപ്പത്തിരണ്ടാം ജന്മദിനത്തില്‍ വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ അദേഹത്തിന്റെ ഭാര്യ എറിക്ക കിര്‍ക്ക് അവാര്‍ഡ് സ്വീകരിച്ചു.

ചാര്‍ളി കിര്‍ക്കിനെ യഥാര്‍ത്ഥ അമേരിക്കന്‍ നായകനെന്നും സ്വാതന്ത്ര്യത്തിനായുള്ള നിര്‍ഭയ പോരാളിയെന്നും സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള രക്തസാക്ഷി എന്നും പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചു. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. രണ്ടാമത് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് സമ്മാനിക്കുന്ന ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡമാണ് ഈ അവാര്‍ഡ്.

സെപ്റ്റംബർ പത്തിനാണ് യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കവെ  ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കൊലപാതകം രാജ്യത്തെ ഞെട്ടിക്കുകയും രാഷ്ട്രീയപരമായ അക്രമങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തുകയും ചെയ്തു.

കിർക്കിന്റെ മരണം ‘തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുടെ’ അക്രമണമാണ് എന്ന് ട്രംപ് ആരോപിക്കുകയും ഇതിനെതിരെ ഫെഡറൽ ഏജൻസികളെ ഉപയോഗിച്ച് കർശനമായ നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ കിർക്കിന്റെ കൊലപാതകിയുമായി ഏതെങ്കിലും ഗ്രൂപ്പിന് ബന്ധമുണ്ടോ എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.