എന്തുകൊണ്ട് ഫ്രാൻസ്....? ജീവിക്കാനുള്ള അവകാശം നിഷേധിച്ചു; ഗർഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടയിൽ ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമായി ഫ്രാൻസ്

എന്തുകൊണ്ട് ഫ്രാൻസ്....? ജീവിക്കാനുള്ള അവകാശം നിഷേധിച്ചു; ഗർഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടയിൽ ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമായി ഫ്രാൻസ്

പാരിസ്: ​ഗർഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടനയിൽ ഉൾപ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറും. അബോർഷൻ നരഹത്യയാണെന്നും ജീവനെ പരിപോഷിപ്പിക്കുന്ന നിയമ നിർമാണങ്ങൾ നടത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ മാർസിലയിൽ നടന്ന സമ്മേളനത്തിൽ ഫ്രഞ്ച് ജനതയോട് പറഞ്ഞ് മാസങ്ങൾക്കിപ്പുറമാണ് ജീവനെതിരായുള്ള നിയമ നിർമാണവുമായി ഫ്രാൻസ് മുമ്പോട്ട് പോകുന്നത്.

സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 50 നെതിരെ 267 വോട്ടുകൾക്കാണ് ഭരണഘടനയുടെ ഭേദഗതി അംഗീകരിക്കപ്പെട്ടത്. നേരത്തെ ഫ്രാൻസിലെ ദേശീയ അസംബ്ലിയും ഈ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ഇരു സഭകളിലും ഭേദഗതി പാസായ സ്ഥിതിക്ക് മാർച്ച് നാലിന് നടക്കുന്ന പാർലമെന്റിലെ വോട്ടെടുപ്പ് കേവലം ഔപചാരികത മാത്രമാകും. ആ വോട്ടെടുപ്പിൽ കൂടെ ഭേദഗതി അംഗീകരിക്കപ്പെടുന്നതോടെ അബോർഷനുള്ള സ്വാതന്ത്ര്യം ഭരണഘടനയിൽ ഉൾപ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറും.

സെനറ്റർമാരുടെ വോട്ടെടുപ്പിന്റെ ഫലം ദുഖത്തോടെയാണ് സ്വീകരിച്ചതെന്ന് ഫ്രാൻസിലെ ബിഷപ്‌സ് കോൺഫ്രൻസ് പ്രതികരിച്ചു. അബോർഷനെ കേവലം സ്ത്രീകളുടെ അവകാശവുമായി മാത്രം ബന്ധപ്പെടുത്തി കാണരുതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്ന നിയമ നിർമാണത്തിലൂടെയാണ് ഭരണഘടന മഹത്വമുള്ളതായി മാറുകയെന്നും ബിഷപ്‌സ് കോൺഫ്രൻസിന്റെ കുറിപ്പിൽ പറയുന്നു.

ക്ലേശകരമായ സാഹചര്യത്തിലും ദൈവം നൽകുന്ന ജീവനെ ബഹുമാനിച്ചുകൊണ്ട് തങ്ങളുടെ കുട്ടിയെ പിന്തുണയ്ക്കുവാൻ തയാറാകുന്ന മാതാപിതാക്കൾക്കും മനസാക്ഷിയുടെ സ്വരത്തിന് അനുസരിച്ച് പ്രവർത്തിക്കുവാൻ തയ്യാറാകുന്ന ആരോഗ്യ പ്രവർത്തകർക്കും പിന്തുണ നൽകുമെന്നും ബിഷപ്പുമാർ വ്യക്തമാക്കി.

ഗർഭച്ഛിദ്രം ദേശീയ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള ഫ്രഞ്ച് നിർദേശത്തിനെതിരെ വത്തിക്കാൻ രം​ഗത്തെത്തിയിരുന്നു. വ്യക്തികളെ സംരക്ഷിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനയിൽ എപ്രകാരമാണ് മനുഷ്യന്റെ മരണം അനുവദിക്കുന്ന അവകാശം ഉൾച്ചേർക്കാൻ സാധിക്കുന്നതെന്ന് വത്തിക്കാൻ പ്രസ്താവനയിലൂടെ ചോദിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.