കോതമംഗലം: കാട്ടാന ആക്രമണത്തില്‍ നേര്യമംഗം കാഞ്ഞിരവേലിയില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാരുടെ പക്കല്‍ നിന്നും പൊലീസ് ബലമായി പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചു കൊണ്ടുപോയി ആംബുലന്‍സിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. എന്നാല്‍ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. സര്‍ക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ കുറ്റപ്പെടുത്തി.
കോതമംഗലത്ത് റോഡരുകില്‍ ടെന്‍ഡ് കെട്ടി മൃതദേഹം വച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്. മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തില്‍ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണമെന്നായിരുന്നു ആവശ്യം. പിന്നീട് ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലത്തെത്തി ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഇതിന് കളക്ടര്‍ തയ്യാറായില്ല.
കളക്ടറെ സര്‍ക്കാര്‍ തടയുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മൃതദേഹം വച്ചിരുന്ന ടെന്‍ഡ് പൊളിച്ച പൊലീസ് പ്രവര്‍ത്തകരെ പിടിച്ചു മാറ്റിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ ഇവിടെ നിന്നും വലിച്ചു മാറ്റി. ഇതിനിടയില്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നാണ് ആരോപണം.
വീടിന് സമീപമുള്ള കൃഷിയിടത്തിലെ കൂവ വിളവെടുക്കുന്നതിന് ഇടയിലാണ് ഇന്ദിരയെ കാട്ടന ആക്രമിച്ചത്. ഉടന്‍ കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോള്‍ തടഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹവുമായി റോഡിലെത്തി പ്രതിഷേധിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.