വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് ആശ്വാസ വിധി. ട്രംപിനെ റിപ്പബ്ലിക്കന്‍ പ്രൈമറി ബാലറ്റില്‍ നിന്ന് വിലക്കിയ കൊളറാഡോ കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. ഇതോടെ 50 സംസ്ഥാനങ്ങളിലെയും ബാലറ്റുകളില്‍ ട്രംപിന്റെ പേര് ഉണ്ടാകുമെന്ന് ഉറപ്പായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള കൊളറാഡോ പ്രൈമറി നാളെ നടക്കാനിരിക്കെയാണ് ട്രംപിന് ഏറെ ആശ്വാസകരമായ വിധി.
കൊളറാഡോയിലെ ബാലറ്റില്‍ തുടരാന്‍ ഡൊണാള്‍ഡ് ട്രംപിന് അര്‍ഹതയുണ്ടെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു.
2021ലെ തിരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാന്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നില്‍ ട്രംപ് പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊളറാഡോ സ്റ്റേറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കി കോടതി ഉത്തരവിട്ടത്.
അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം ട്രംപിന് വീണ്ടും പൊതുവേദിയില്‍ തുടരാനാകില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബര്‍ 19ന് കൊളറാഡോ കോടതി വിധിച്ചത്. എന്നാല്‍ ഈ വിധി സുപ്രീംകോടതി ജഡ്ജിമാര്‍ ഏകകണ്ഠമായി തള്ളുകയായിരുന്നു.
ഭരണഘടനയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കലാപത്തില്‍ ഏര്‍പ്പെടുന്ന ഏതെങ്കിലും കോണ്‍ഗ്രസ് അംഗമോ അമേരിക്കന്‍ ഉദ്യോഗസ്ഥനോ അധികാരം വഹിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള നിയമം ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കെതിരേ പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി വിധിച്ചത്.
നാലു വര്‍ഷം മുമ്പുള്ള യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ ട്രംപും ഏര്‍പ്പെട്ടിരുന്നുവെന്ന് വാദിച്ച് നിരവധി സംസ്ഥാനങ്ങളില്‍ ട്രംപിനെ അയോഗ്യനാക്കാന്‍ ശ്രമമുണ്ടായിരുന്നു.
എന്നാല്‍ ആഭ്യന്തര യുദ്ധ കാലത്തെ ഭരണഘടനാ ഭേദഗതി ട്രംപിനെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ അയോഗ്യനാക്കുന്നുണ്ടോ എന്നതായിരുന്നു നിയമപരമായ വെല്ലുവിളി. കലാപത്തിലേര്‍പ്പെട്ടിരിക്കുന്ന ആരെയും ഫെഡറല്‍ പദവി വഹിക്കുന്നതില്‍ നിന്നും അമേരിക്കന്‍ ഭരണഘടനയുടെ 14ാമത് ഭേദഗതി വിലക്കുന്നുണ്ട്. എന്നാല്‍ അത് ട്രംപിന് ബാധകമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം.
കൊളറാഡോ കോടതിയുടെ തീരുമാനം കൊളറാഡോയിലെ ദശലക്ഷക്കണക്കിന് വരുന്ന വോട്ടര്‍മാരുടെ അവകാശങ്ങള്‍ നിരാകരിക്കുകയാണെന്നും ഇത് രാജ്യവ്യാപകമായി വോട്ടര്‍മാരുടെ അവകാശങ്ങള്‍ നിരാകരിക്കുന്നതിനുള്ള മാതൃകയായി മാറുമെന്നുമാണ് ട്രംപിന്റെ അഭിഭാഷകരുടെ അഭിപ്രായം. ഇതാണിപ്പോള്‍ സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.