വത്തിക്കാൻ: 'ലോകത്തിലെ ഏറ്റവും ചെറിയ സൈന്യം'എന്ന് വിളിക്കപ്പെടുന്ന സ്വിസ് ഗാർഡിന് അഞ്ഞൂറ്റി പതിനഞ്ച് വയസ് ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയുടെ കീഴിൽ സ്ഥാപിതമായ സ്വിസ് ഗാർഡിന്റെ അഞ്ഞൂറ്റി പതിനഞ്ചാം വാർഷികം ജനുവരി 22ന് ആഘോഷിച്ചു.
1506-ൽ ആണ് ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ സ്വിസ് ഗാർഡ് സ്ഥാപിച്ചത് . സ്വിസ് സായുധ സേനയുടെ ഒരു ഭാഗമായ സ്വിസ് ഗാർഡിന്റെ നിയമനം നടത്തുന്നത് മാർപ്പാപ്പയുടെ നേതൃത്വത്തിലാണ്. വത്തിക്കാനിലെ ബെൽവെഡെരെ കോടതിയിൽ നടക്കുന്ന ചടങ്ങിൽ മാർപാപ്പയുടെ മുൻപാകെ ആണ് സ്വിസ് ഗാർഡുകൾ സത്യപ്രതിജ്ഞ ചെയുന്നത്. എല്ലാവർഷവും മെയ് ആറിനാണ് ഈ ചടങ്ങ് നടക്കുന്നത്.
മധ്യകാലഘട്ടങ്ങളിൽ യൂറോപ്പിലെ ഏറ്റവും വിശ്വസ്തരായ പടയാളികൾ എന്ന ഖ്യാതി സ്വിറ്റ്സർലൻഡിലെ പടയാളികൾക്ക് ലഭിച്ചു. ഫ്രാൻസ് രാജാവിനെ പ്രതിരോധിച്ച സ്വിസ് സൈനികരെ ഏറെക്കാലമായി ആദരിച്ചിരുന്ന ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ, 200 സ്വിസ് പടയാളികളോട് അംഗരക്ഷകരാകാനും വത്തിക്കാൻ സംരക്ഷിക്കാനും അഭ്യർത്ഥിച്ചു. മാസങ്ങൾ മാർച്ച് ചെയ്ത് 1506 ജനുവരി 21 ന് സ്വിസ് ഗാർഡുകൾ മാർപാപ്പയ്ക്ക് സേവനം ചെയ്യാൻ റോമിലെത്തി.
2015 ൽ സംഘത്തെ വലുതാക്കേണ്ട ആവശ്യം വന്നപ്പോൾ 110 ഗാർഡുകൾ എന്നത് 135 ഗാർഡുകൾ ആക്കി ഉയർത്തി. ഓരോ പടയാളിയും സ്വിറ്റ്‌സർലൻഡിൽ സൈനിക പരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം റോമിൽ അഞ്ച് ആഴ്ചത്തെ ഇൻഡക്ഷൻ( ജോലിയിൽ പ്രവേശിക്കും മുൻപുള്ള പ്രത്യേക പരിശീലനം) പരിശീലന കോഴ്സും ഉണ്ടാവും. പതിനാറാം നൂറ്റാണ്ടിൽ കൂലിപ്പടയാളികൾ ഉപയോഗിച്ച പ്രാഥമിക ആയുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഈ കാലയളവിൽ നടക്കുന്നു. ഇതിനുശേഷം, മാർപാപ്പയുടെ സാന്നിധ്യത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ കാവൽക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നു. ഓരോ സ്വിസ് പടയാളിയും ഉറച്ച കത്തോലിക്കാ വിശ്വാസി ആയിരിക്കണം എന്ന് നിബന്ധനയുണ്ട് . സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രത്യേക ക്ഷണം ലഭിച്ചെത്തുന്ന അവരുടെ കുടുംബാംഗങ്ങളും മാർപാപ്പയുടെ സാന്നിധ്യത്തിൽ പങ്കെടുക്കും. 'പോന്തിഫിക്കൽ ജെന്ദർമേറെ'യോടൊപ്പം ( വത്തിക്കാനിലെ ക്രമസമാധാന പാലനത്തിനും സുരക്ഷയ്‌ക്കുമായി പത്തൊൻപതാം നൂറ്റാണ്ടിൽ രൂപം കൊണ്ട കാവൽ സന്നാഹമാണ് പോന്തിഫിക്കൽ ജെന്ദർമേറെ) വത്തിക്കാനകത്തും പുറത്തും മാർപ്പാപ്പയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി മാർപാപ്പയോടൊപ്പം സഞ്ചരിക്കാനും സ്വിസ് ഗാർഡുകൾക്ക് ഉത്തരവാദിത്തമുണ്ട്.
അവരുടെ വർണ്ണശബളമായ യൂണിഫോം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ് . പൊതുവായ യൂണിഫോം നീല നിറമാണെങ്കിലും പ്രത്യേക അവസരങ്ങളിൽ പച്ചയും ചുമപ്പും നീലയും കലർന്ന യൂണിഫോം ആണ് ധരിക്കുന്നത്. ഓരോ യൂണിഫോമും തുന്നാൻ മുപ്പത് മണിക്കൂർ നേരമെടുക്കുന്നു. ഒരു പടയാളിയുടെ സേവന കാലാവധി കഴിയുമ്പോൾ ആ വ്യക്തിയുടെ യൂണിഫോം നശിപ്പിച്ചു കളയുന്നു. ഈ പടയാളികൾ ഉപയോഗിക്കുന്ന ആയുധങ്ങളിൽ പലതും പതിനഞ്ചാം നൂറ്റാണ്ടിലെ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. ഓരോ ആയുധവും പഴകുന്നതനുസരിച്ച് പുതിയത് ഉപയോഗിക്കുന്നു. സ്വിസ് പടയാളിയുടെ തലയിൽ വച്ചിരിക്കുന്ന ഒട്ടകപ്പക്ഷിയുടെ തൂവൽ പിടിപ്പിച്ച തൊപ്പിയിൽ ജൂലിയസ് രണ്ടാമൻ മാർപാപ്പയുടെ കുടുംബ ചിഹ്നമായ ഓക്ക് മരത്തിന്റെ ചിത്രവുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.