മാലിന്യ സംസ്‌കരണത്തില്‍ പുരോഗതി ഇല്ലെന്ന് അമിക്യസ്‌ക്യൂറി; ബ്രഹ്മപുരം പ്ലാന്റ് ഹൈക്കോടതി ജഡ്ജിമാര്‍ ഇന്ന് സന്ദര്‍ശിക്കും

മാലിന്യ സംസ്‌കരണത്തില്‍ പുരോഗതി ഇല്ലെന്ന് അമിക്യസ്‌ക്യൂറി; ബ്രഹ്മപുരം പ്ലാന്റ് ഹൈക്കോടതി ജഡ്ജിമാര്‍ ഇന്ന് സന്ദര്‍ശിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഹൈക്കോടതി ജഡ്ജിമാര്‍ ഇന്ന് സന്ദര്‍ശിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസും ജസ്റ്റിസ് പി. ഗോപിനാഥുമാണ് ബ്രഹ്മപുരത്തെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ എത്തുക. തീപിടിത്തം ഉണ്ടായാല്‍ അത് കെടുത്താന്‍ ഉപയോഗിക്കുന്ന ഫയര്‍ ഹൈഡ്രന്റിന്റെ പ്രവര്‍ത്തനം കോടതി പരിശോധിക്കും.

ബ്രഹ്മപുരത്ത് തീ പിടിത്തം ഉണ്ടായതിന് ശേഷവും മാലിന്യ സംസ്‌കരണത്തില്‍ പുരോഗതി ഇല്ലെന്നാണ് അമിക്യസ്‌ക്യൂറി റിപ്പോര്‍ട്ട്. തീ അണക്കാന്‍ പരിശീലനം ലഭിച്ച പ്രാദേശിക അഗ്‌നിരക്ഷാ യൂണിറ്റിന്റെ തലവന്‍മാരുമായി ജഡ്ജിമാര്‍ സംസാരിക്കും. വൈകുന്നേരം മൂന്നിനാണ് സന്ദര്‍ശനം. ചില അസൗകര്യങ്ങള്‍ കാരണം ഇന്നലെ തീരുമാനിച്ച സന്ദര്‍ശനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഈ മാസം 16 നാണ് കോടതി ഇനി പരിഗണിക്കുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് പ്ലാന്റില്‍ തീപിടിത്തമം ഉണ്ടായത്. തീപിടിത്തത്തിന് പിന്നാലെ ഉണ്ടായ വിഷപ്പുക ജില്ല മുഴുവന്‍ ശ്വാസം മുട്ടിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചത്.

അശാസ്ത്രീയമായി മാലിന്യങ്ങള്‍ കൂട്ടിയിട്ടതും കരാര്‍ ലഭിച്ച സോണ്‍ഡ കമ്പനിയുടെ നിരുത്തരവാദിത്തപരമായ സമീപനവും തിപിടിത്തത്തിന് ആക്കം കൂട്ടി എന്നാണ് റിപ്പോര്‍ട്ട്. ബ്രഹ്മപുരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിപിടിത്തമായിരുന്നു അത്. എറണാകുളം-ആലപ്പുഴ അതിര്‍ത്തിവരെ എത്തിയ വിഷപ്പുക ജനങ്ങള്‍ക്കുണ്ടാക്കിയത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു.

തീപിടിത്തത്തിന് പിന്നാലെ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിലച്ചതോടെ കോര്‍പ്പറേഷന്‍ പരിധിയില്‍ മാലിന്യങ്ങളും കുമിഞ്ഞ് കൂടി. വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെയാണ് മാലിന്യ നീക്കവും തീ അണക്കലും വേഗത്തിലായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.