ഇന്ന് ലോക വനിതാ ദിനം; ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്താൻ അവൾക്ക് കരുത്ത് കിട്ടട്ടെ

ഇന്ന് ലോക വനിതാ ദിനം; ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്താൻ അവൾക്ക് കരുത്ത് കിട്ടട്ടെ

ഇന്ന് ലോക വനിതാ ദിനം. അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും ലോകത്തേക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം. 2024 മാർച്ച് എട്ട് വനിതാ ദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം സ്ത്രീകൾക്കായി നിക്ഷേപിക്കുക. പുരോഗതിയെ ത്വരിതപ്പെടുത്തുക. (Invest in Women Accelerate Progress) എന്നതാണ്.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം, സമത്വം, സ്വാതന്ത്ര്യം എന്നിവയൊക്കെ ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രചാരണങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളുമാണ് ലോകവ്യാപകമായി വനിതാ ദിനത്തിൽ നടക്കുന്നത്.
വനിതാ ദിനത്തിന്റെ ചരിത്രം.

1900 ന്റെ തുടക്കത്തിലാണ് വനിതാ ദിനമെന്ന ആശയം ഉയര്‍ന്ന് വന്നത്. 1909 ലാണ് ആദ്യമായി വനിതാ ദിനം ആചരിക്കുന്നത്. ഇത് ദേശീയ വനിതാ ദിനമായാണ് കണക്കാക്കിയിരിക്കുന്നത്. 1909 ല്‍ ന്യൂയോര്‍ക്കില്‍ 15,000 ത്തോളം സ്ത്രീകള്‍, മെച്ചപ്പെട്ട വേതനത്തിനും വോട്ടവകാശത്തിനും ജോലി സമയം കുറയ്ക്കുന്നതിനുമായി മാര്‍ച്ച് നടത്തി. അതേ സമയം ജോലി ചെയ്യുന്ന സ്ത്രീകളുടെ രണ്ടാം അന്താരാഷ്ട്ര സമ്മേളനം 1910 ല്‍ കോപ്പന്‍ഹേഗനില്‍ നടന്നു.

അവിടെ ജര്‍മനിയിലെ സോഷ്യല്‍ ഡേമോക്രാറ്റിക് പാര്‍ട്ടി അംഗം അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയം അവതരിപ്പിച്ചു.
1911 മാര്‍ച്ച് ഒമ്പതിന് ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. പിന്നീട് 1977 ല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി തീരുമാനിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ പ്രധാന്യം

ലിംഗ അസമത്വവും വിവേചനവും നമ്മുടെ സമൂഹത്തില്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. എല്ലായ്‌പ്പോഴും സ്ത്രീകള്‍ അതിന്റെ ഇരകളായി മാറാറുണ്ട്. ലിംഗ വിവേചനങ്ങള്‍ക്കെതിരെ പോരാടുന്നതിനും സ്ത്രീകള്‍ക്കെതിരായ അവകാശങ്ങള്‍, അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും ബോധവല്‍ക്കരണം നടത്താനുമുളള ഒരു വേദിയായി ഇത് മാറിയിരിക്കുന്നു.

ലിംഗസമത്വം

അസമത്വവും അസന്തുഷ്ടിയും ദിനം പ്രതി വർധിച്ച് വരുന്ന ഇന്നത്തെ ലോക സാഹചര്യത്തിൽ ലിംഗസമത്വം നേടിയെടുക്കുക എന്നത് വളരെ ശ്രമകരമാണ്. ലിംഗസമത്വം ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു മനുഷ്യാവകാശ വെല്ലുവിളിയായി മാറുകയാണ്. 2023 ലെ ജെൻഡർ ഗ്യാപ് റിപ്പോർട്ട് (വേൾഡ് എക്കണോമിക്സ് ഫോറം, ജൂലൈ 2023) പറയുന്നത്. ലിംഗസമത്വം നേടിയെടുക്കുന്നതിനായി ഇനിയും 131 വർഷം കാത്തിരിക്കേണ്ടി വരും എന്നാണ്. ഒരു രാജ്യത്തിനും ഇതുവരെ സമ്പൂർണ ലിംഗസമത്വം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.

ഐസ് ലാൻഡ് 91.2 സ്കോറുമായി ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 146 രാജ്യങ്ങളുടെ പട്ടികയിൽ 64.3 സ്കോറുമായി 127-ാം സ്ഥാനത്താണ് ഇന്ത്യ. നോർവെ, ഫിൻലൻ്റ്, ന്യൂസിലാൻറ്, സ്വീഡൻ , ജർമ്മനി,നിക്കരാഗ്വ, നമീബിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങൾ 80 ശതമാനത്തിനു മുകളിൽ ലിംഗസമത്വം നേടിയിട്ടുള്ള രാജ്യങ്ങളാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ലോകത്താകെ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത് ലിംഗസമത്വത്തിന്റെ കാര്യത്തിലും നന്നായി പ്രതിഫലിക്കുന്നുണ്ട്.

ആഗോളതലത്തിൽ പാർലമെന്റ് സീറ്റുകളിലെ 26.7 ശതമാനവും പ്രാദേശിക ഭരണകൂടങ്ങളിൽ 35.5 ശതമാനവും പ്രാതിനിധ്യം ഇപ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ ഭരണ മേൽനോട്ട മേഖലയിൽ 28.2 ശതമാനം തസ്തികകളിലും ഇപ്പോൾ സ്ത്രീകളാണ്.

പക്ഷേ ലോകത്താകെ പാർലമെൻറുകളിൽ പ്രതിനിധികളായ സ്ത്രീകളിൽ പകുതിയിലധികം പേരും ഒരിക്കലെങ്കിലും അവരെ മാനസികമായി തകർക്കുന്ന ആക്രമണങ്ങളെ നേരിടുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മോശമായ പരാമർശങ്ങൾ, അംഗ വിക്ഷേപങ്ങൾ, മോശമായ ചിത്രങ്ങൾ ബോധപൂർവ്വം പ്രദർശിപ്പിക്കൽ തുടങ്ങിയവയെല്ലാം ഈ ആക്രമണങ്ങളിൽ ഉൾപ്പെടും.

ഇത്തരത്തിലുള്ള ആക്ഷേപങ്ങൾക്ക് വിധേയരാകുന്നതിൻ്റെ ഫലമായി അവർ അനുഭവിക്കേണ്ടി വരുന്ന മാനസിക വിഷമതകൾ വളരെ വലുതാണ്. സ്വാഭാവികമായും അവർ നിശബ്ദരാകുകയും പൊതു ഇടങ്ങളിൽ നിന്നും പിൻവലിയുന്നതിന് ഇതൊക്കെ കാരണമാകുകയും ചെയ്യും.

ഉയരങ്ങളിൽ നിന്ന് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ അവൾക്ക് കരുത്ത് പകരുന്നത് ആകട്ടെ ഈ ദിനം. പെൺകരുത്തിന്റെ കാഹളം മുഴങ്ങാൻ വരാനിരിക്കുന്ന നാളുകൾ അവളുടെത് കൂടിയായി മാറട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.