ഭീതി വിട്ടൊഴിയാതെ നൈജീരിയയിലെ സാധാരണക്കാര്‍: സ്‌കൂളില്‍ തോക്കുമായി എത്തിയ അക്രമി സംഘം 287 കുട്ടികളെ തട്ടിക്കൊണ്ടുപോയി

ഭീതി വിട്ടൊഴിയാതെ നൈജീരിയയിലെ സാധാരണക്കാര്‍: സ്‌കൂളില്‍ തോക്കുമായി എത്തിയ അക്രമി സംഘം 287 കുട്ടികളെ തട്ടിക്കൊണ്ടുപോയി

അബുജ: ക്രൈസ്തവരുടെ രക്തമുറഞ്ഞ മണ്ണായ നൈജീരിയയില്‍ നിന്ന് വീണ്ടുമൊരു ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. ദിനംപ്രതിയെന്നോണം സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്ന രാജ്യത്തെ ഒരു സ്‌കൂളില്‍ തോക്കുമായെത്തിയ സംഘം സ്‌കൂളില്‍നിന്ന് ഇരുനൂറിലേറെ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ നൈജീരിയയിലെ കുരിഗ പട്ടണത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

സ്‌കൂളിലെ അസംബ്ലി കഴിഞ്ഞതിന് പിന്നാലെ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണ് ഇത്. 287 ഓളം കുട്ടികളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

2014ല്‍ മുതലാണ് ഇത്തരം സംഭവങ്ങള്‍ വലിയ രീതിയിലുള്ള ആശങ്കയ്ക്ക് വഴിവച്ച് തുടങ്ങിയത്. 2014ല്‍ ഐഎസ് ഭീകരര്‍ 200ല്‍ അധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. നൈജീരിയയുടെ വടക്ക് പശ്ചിമ മേഖലയില്‍ മാത്രമായി പന്ത്രണ്ടിലധികം സായുധ സംഘങ്ങളാണ് പിടിമുറുക്കിയിട്ടുള്ളത്. വലിയ മോചനദ്രവ്യം ആവശ്യപ്പെട്ട് ഗ്രാമീണരെ വരെ ഈ മേഖലയില്‍ തട്ടിക്കൊണ്ട് പോവുന്നത് പതിവായിട്ടുണ്ട്.

ഗ്രാമീണരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള തെരച്ചില്‍ മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് പൊലീസ് ഇവിടെയെത്തിയത്. സുരക്ഷാ സേനയുടെ സഹായത്തോടെ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. വടക്ക് കിഴക്കന്‍ നൈജീരിയയില്‍ സ്ത്രീകളും കുട്ടികളും അടക്കം 200 പേരെ ആയുധ ധാരികള്‍ തട്ടിക്കൊണ്ട് പോയതിന് ദിവസങ്ങള്‍ക്കുള്ളിലാണ് നിലവിലെ സംഭവം.

നൈജീരിയയുടെ വടക്കന്‍ മേഖലയില്‍ നടക്കുന്ന ഇത്തരം തട്ടിക്കൊണ്ട് പോകലുകളില്‍ ഏറിയപങ്കും ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. കുട്ടികളെ തിരികെ ലഭിക്കാന്‍ രക്ഷിതാക്കള്‍ നല്‍കേണ്ടി വരുന്നത് ജീവിതം മുഴുവന്‍ സമ്പാദിച്ച പണമാണ്.

നൈജീരിയയിലെ സുരക്ഷാ വീഴ്ചകള്‍ വിശദമാക്കുന്നതാണ് ഈ സംഭവങ്ങള്‍. അക്രമങ്ങള്‍ക്ക് അറുതി വരുത്തുമന്ന വാഗ്ദാനവുമായി ബോലാ ടിനുബു നൈജീരിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ സാധാരണക്കാരുടെ ജീവന്‍ എപ്പോഴും തുലാസിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.