തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെ. മുരളീധരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്‌റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ട്. മോഡിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്‌റയാണ് ബിജെപിക്കായി ചരട് വലിച്ചത്. മാത്രമല്ല നേമത്ത് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടത് മുതല്‍ ബിജെപിക്ക് തന്നോട് പകയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. പത്മജയെ പാളയത്തിലെത്തിച്ചതുവഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി തൃശൂരില്‍ തന്നെ ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്ന് കെ. മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് നയമെന്നും മുരളീധരന്‍ തുറന്നടിച്ചു. ഇന്ന് മുതല്‍ തൃശൂരില്‍ പ്രചാരണം തുടങ്ങും. നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.
ബിജെപിക്ക് കേരളത്തില്‍ നിലം തൊടാന്‍ കഴിയില്ല. ഒരിടത്തും അവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. ഇന്നലെയാണ് സീറ്റ് മാറണമെന്ന കാര്യം അറിയിച്ചത്. താനത് ഏറ്റെടുത്തു. കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാന്‍ സമ്മതിക്കില്ല. ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കുകയെന്നതാണ് പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യമെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.