ബിജെഡി അടുക്കുന്നില്ല; ഒഡീഷയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി

ബിജെഡി അടുക്കുന്നില്ല; ഒഡീഷയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി

ഭുവനേശ്വര്‍: ബിജു ജനതാദളു(ബിജെഡി) മായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഒഡീഷയില്‍ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി തീരുമാനം.

ഡല്‍ഹില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം മടങ്ങിയെത്തിയ ഒഡീഷ ബിജെപി അധ്യക്ഷന്‍ മന്‍മോഹന്‍ സമല്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സഖ്യമില്ലെന്നും വ്യക്തമാക്കി.

ഡല്‍ഹിയില്‍ സഖ്യത്തെക്കുറിച്ചോ സീറ്റ് വിഭജനത്തെക്കുറിച്ചോ ചര്‍ച്ച നടന്നിട്ടില്ലന്നും ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടന്നതെന്നും സമല്‍ അറിയിച്ചു.

ഇരു പാര്‍ട്ടികളും വിട്ടുവീഴ്ചകള്‍ക്ക് തയാറാകാതിരുന്നതാണ് ബിജെഡിയുമായുള്ള ബിജെപിയുടെ സീറ്റ് വിഭജന ചര്‍ച്ച പൊളിയാന്‍ കാരണമായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 147 ല്‍ 100 സീറ്റുകള്‍ ബിജെഡി ആവശ്യപ്പെട്ടത് ബിജെപി അംഗീകരിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 21 ല്‍ 14 സീറ്റുകള്‍ ബിജെപി ആവശ്യപ്പെട്ടത് ബിജെഡിക്കും അംഗീകരിക്കാനായില്ല.

2019 ല്‍ 21 ല്‍ 12 സീറ്റുകളില്‍ ബിജെഡി വിജയിച്ചപ്പോള്‍ എട്ട് സീറ്റുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒഡീഷയിലെത്തിയതിന് പിന്നാലെയാണ് ബിജെപി, ബിജെഡി സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

ചര്‍ച്ച പൊളിഞ്ഞങ്കിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ അമിത് ഷാ അവസാനവട്ട പരീക്ഷണമെന്ന നിലയില്‍ ബിജെഡി നേതാക്കളുമായി സംസാരിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.