കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബദല്‍ പാതയ്ക്കായി കുരിശിന്റെ വഴി നടത്തി കെ.സി.വൈ.എം താമരശേരി രൂപത

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബദല്‍ പാതയ്ക്കായി കുരിശിന്റെ വഴി നടത്തി കെ.സി.വൈ.എം താമരശേരി രൂപത

പേരാമ്പ്ര: വയനാട് ചുരത്തിലൂടെയുള്ള യാത്രാക്ലേശം ഒഴിവാക്കാനും വേഗത്തില്‍ കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്നതുമായ ബദല്‍ പാതയുടെ നിര്‍മാണം ആരംഭിക്കണമെന്ന ആവശ്യവുമായി കുരിശിന്റെ വഴി നടത്തി കെ.സി.വൈ.എം താമരശേരി രൂപത.

കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്നും ആരംഭിച്ച് വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറയില്‍ അവസാനിക്കുന്ന റോഡ് വിഭാവനം ചെയ്തിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നാളിത് വരെയായി തുടര്‍ നടപടികളില്ലാത്ത സാഹചര്യത്തിലാണ് നോമ്പുകാലത്ത് കുരിശിന്റെ വഴിയില്‍ പ്രാര്‍ഥനാ യാചനയോടെ വിശ്വാസ സമൂഹമെത്തിയത്.

കെ.സി.വൈ.എം താമരശേരി രൂപതയുടേയും മരുതാമല ഫെറോനയുടേയും സംയുക്താഭിമുഖ്യത്തിലാണ് കുരിശിന്റെ വഴി നടത്തിയത്. ആനയും പുലിയുമിങ്ങുന്ന വഴിയിലൂടെ വൈദീകരുടെ നേതൃത്വത്തില്‍ അജഗണങ്ങള്‍ പ്രാര്‍ഥനകളുമായി ഉരുവിട്ട് മുന്നോട്ട് നീങ്ങിയപ്പോള്‍ നാടിനുവേണ്ടിയുള്ള ഒരു സമര്‍പ്പണത്തിന്റെ കാഴ്ച്ചയായി അത് മാറി.

വയനാട് ചുരത്തിന് ബദലായി പാത ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ പാത യാതാര്‍ഥ്യമായാല്‍ ഹെയര്‍പിന്‍ വളവുകള്‍ ഒന്നുമില്ലാതെ കോഴിക്കോട് ജില്ലയെയും വയനാട് ജില്ലയെയും ബന്ധിപ്പിക്കാന്‍ കഴിയും. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇതിനായി നടപടികള്‍ക്ക് തുടക്കമിട്ടു. എന്നാല്‍ പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകള്‍ പദ്ധതി ആരംഭിക്കാന്‍ ശ്രമങ്ങള്‍ നടത്തിയില്ല.

മലബാറിനെ സംബന്ധിച്ച് ഏറ്റവും ചെറിയ മലയോര പാതയാണ്. പാതയുടെ നിര്‍മാണം തുടങ്ങണമെന്ന ആവശ്യവുമായി പ്രാര്‍ഥനാ നിര്‍ഭരമായി കുരിശിന്റെ വഴി ആരംഭിച്ചത് പൂഴിത്തോട് അങ്ങാടിയില്‍ നിന്നാണ്. അഞ്ചരക്കിലോമീറ്റര്‍ ദൂരമാണ് ബദല്‍ പാതയ്ക്ക് വേണ്ടി കുരിശിന്റെ പാത നടത്തിയത്.

താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍.എബ്രഹാം വയലില്‍ കുരിശിന്റെ വഴിക്ക് സമാപന സന്ദേശം നല്‍കി. കെ.സി.വൈ.എം താമരശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വിളയ്ക്കാക്കുടിയില്‍, ഫെറോനാ വികാരി ഫാ. ജോര്‍ജ് കളത്തൂര്‍, ചെമ്പനോട ഇടവക വികാരി ഫാ. ജോസഫ് ഊനാനിയില്‍, ഫാ. മാത്യു ചെറുവേലില്‍, ഫാ. സെബാസ്റ്റ്യന്‍ പാറത്തോട്ടത്തില്‍, കെ.സി.വൈ.എം താമരശേരി രൂപതാ പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ തുടങ്ങിയവര്‍ കുരിശിന്റെ വഴിക്ക് നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികളാണ് പങ്കാളികളായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.