മുബൈ: ഈ വര്‍ഷത്തെ വിശ്വസുന്ദരി പട്ടം കരസ്ഥമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോവ. 2024 ലെ മിസ് വേള്‍ഡ് കിരീടം പിസ്‌കോവ നേടിയപ്പോള്‍ മിസ് ലെബനന്‍ യാസ്മിന സെയ്ടൂണ്‍ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
പോളണ്ടില്‍ നിന്നുള്ള മുന്‍ ലോകസുന്ദരി കരോലിന ബിലാവ്സ്‌ക തന്റെ പിന്‍ഗാമിയെ കിരീടമണിയിച്ചു. 28 വര്‍ഷത്തിന് ശേഷം മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിച്ച ഇന്ത്യയെ പ്രതിനിധീകരിച്ചത് 22 കാരിയായ സിനി ഷെട്ടിയായിരുന്നു. അവസാന 8 പേരില്‍ സിനി ഷെട്ടിയും ഉള്‍പ്പെട്ടിരുന്നെങ്കിലും ഫൈനല്‍ റൗണ്ടിലേക്ക് എത്താനായില്ല. 2022 ല്‍ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ജേതാവാണ് സിനി ഷെട്ടി.
ലോകത്തെ 112 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച 71-ാമത് മിസ് വേള്‍ഡ് മത്സരം മുംബൈ ബികെസിയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടന്നത്.
ചലച്ചിത്ര നിര്‍മ്മാതാവ് സാജിദ് നദിയാദ്വാല, അഭിനേതാക്കളായ കൃതി സനോന്‍, പൂജ ഹെഗ്ഡെ, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, മാധ്യമ പ്രവര്‍ത്തകന്‍ രജത് ശര്‍മ്മ, സാമൂഹിക പ്രവര്‍ത്തക അമൃത ഫഡ്നാവിസ്, വിനീത് ജെയിന്‍, ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കോ. ലിമിറ്റഡിന്റെ എംഡിയും മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ ചെയര്‍പേഴ്സണും സിഇഒയുമായ ജൂലിയ മോര്‍ലി, ജാമില്‍ സെയ്ദി, മാനുഷി ചില്ലര്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടിലെ ജഡ്ജിമാരുടെ പാനലിലുണ്ടായിരുന്നത്.
ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹറും മുന്‍ ലോകസുന്ദരി മേഗന്‍ യംഗും ഫൈനല്‍ റൗണ്ടിലെ അവതാരകരായെത്തി. ഗായകരായ ഷാന്‍, നേഹ കക്കര്‍, ടോണി കക്കര്‍ എന്നിവരുടെ പ്രകടനങ്ങളും ഫൈനല്‍ റൗണ്ടിനോട് അനുബന്ധിച്ച് അരങ്ങേറി.
മിസ് വേള്‍ഡ് മത്സരവുമായി ബന്ധപ്പെട്ട ടാഗ്ലൈനായ 'ബ്യൂട്ടി വിത്ത് പര്‍പ്പസ്' എന്നതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ചോപ്ര ജോനാസിന്റെ വീഡിയോയും ചടങ്ങില്‍ സ്‌ക്രീന്‍ ചെയ്തു.
ആറ് തവണയാണ് ഇന്ത്യ മിസ് വേള്‍ഡ് കിരീടം നേടിയിട്ടുള്ളത്. റീത്ത ഫാരിയ (1966), ഐശ്വര്യ റായ് ബച്ചന്‍ (1994), ഡയാന ഹെയ്ഡന്‍ (1997), യുക്ത മുഖി (1999), പ്രിയങ്ക ചോപ്ര ജോനാസ് (2000), മാനുഷി ചില്ലര്‍ (2017) എന്നിവരായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ലോക സുന്ദരിമാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.