തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് ഒഴിവുകള്‍: കേന്ദ്രത്തിന് ഇഷ്ടക്കാരെ നിയമിക്കാം; ആശങ്കയോടെ പ്രതിപക്ഷം

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് ഒഴിവുകള്‍: കേന്ദ്രത്തിന് ഇഷ്ടക്കാരെ നിയമിക്കാം; ആശങ്കയോടെ പ്രതിപക്ഷം

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്ത് നിന്നുമുള്ള അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് രണ്ട് ഒഴിവുകള്‍ വന്നിരിക്കുകയാണ്. ഫെബ്രുവരിയില്‍ അനുപ് പാണ്ഡെ കൂടി രാജിവച്ച സാഹചര്യത്തില്‍ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണന്‍ രാജീവ് കുമാര്‍ മാത്രമാണ് ശേഷിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെയാണ് അരുണ്‍ ഗോയലിന്റെ രാജി. എന്ത് കാരണം കൊണ്ടാണ് അദേഹം രാജിവച്ചത് എന്നത് സംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. കമ്മീഷനിലുള്ളില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന സൂചനയുണ്ട്. അതേസമയം തന്നെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അരുണ്‍ ഗോയല്‍ രാജിവച്ചതെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
രാജിയില്‍ നിന്ന് പിന്മാറണണെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും അരുണ്‍ ഗോയല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു.

രണ്ട് ഒഴിവുകള്‍ വന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിച്ചേക്കും. രണ്ട് ഒഴിവിലേക്കും കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമുള്ള വ്യക്തികളെ നിയമിക്കാം എന്നതാണ് പ്രത്യേകത. ഇതുസംബന്ധിച്ച നിയമം കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു. പ്രധാനമന്ത്രിയും അദേഹം നിര്‍ദേശിക്കുന്ന മന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കില്‍ പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയുടെ നേതാവ് ചേര്‍ന്നാണ് നിലവിലെ നിയമപ്രകാരം പുതിയ കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കേണ്ടത്.

പുതിയ നിയമത്തിന്റെ ബലത്തില്‍ തങ്ങളുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കും. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കവേ അരുണ്‍ ഗോയലിന്റെ നിയമനത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതി ഉയര്‍ത്തിയത്.

പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കില്‍ പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയുടെ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ താല്‍കാലിക സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതില്‍ നിന്നും ചീഫ് ജസ്റ്റിനെ ഒഴിവാക്കി പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു മന്ത്രിയേയും ഉള്‍പ്പെടുത്തി സമിതി നിര്‍ണയിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുകയായിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയുള്ള രാജിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വന്നു. പൊതു തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആശങ്കയുണ്ടാക്കുന്നതാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും അദേഹം പറഞ്ഞിരുന്നു.

അതുമാത്രമല്ല അടുത്ത ഞായറാഴ്ചയ്ക്ക് മുന്‍പ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഈ മാസം 12 ന് നിശ്ചയിച്ചിരിക്കുന്ന അരുണ്‍ ഗോയലിന്റെ കാശ്മീര്‍ സന്ദര്‍ശനവും നടക്കും. ഇതിന് ശേഷമായിരിക്കും പ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.