പറക്കും തളിക വെറും സങ്കല്പം; അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നതിന് തെളിവില്ലെന്ന് പെന്റഗൺ

പറക്കും തളിക വെറും സങ്കല്പം; അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നതിന് തെളിവില്ലെന്ന് പെന്റഗൺ

വാഷിം​ഗ്ടൺ: ലോകത്തെ തന്നെ ഞെട്ടിച്ച പറക്കുംതളികകളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിശദീകരണവുമായി അമേരിക്കൻ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗൺ. 1950 കളിലും 60 കളിലും അജ്ഞാതമായ പറക്കുന്ന വസ്തുക്കൾ കണ്ടതിന് കാരണം അക്കാലത്ത് നടന്ന യുഎസിന്റെ അത്യാധുനിക രഹസ്യ നിരീക്ഷണ വിമാനങ്ങളുടെയും ബഹിരാകാശ സാങ്കേതിക വിദ്യകളുടെയും പരീക്ഷണങ്ങളായിരിക്കാമെന്ന് പെന്റഗൺ പറഞ്ഞു.

അമേരിക്കൻ ഭരണകൂടം അന്യഗ്രഹ ജീവികളെ നേരിട്ടതിന് യാതൊരു വിധ തെളിവുകളുമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂരിഭാഗം 'അൺഐഡന്റിഫൈഡ്‌ ഫ്ളയിങ് ഒബ്ജക്റ്റ്' അഥവാ യുഎഫ്ഒകളും ഭൂമിയിൽ നിന്ന് തന്നെയുള്ള സാധാരണ വസ്തുക്കളാണെന്നും അവയെ തെറ്റിദ്ധരിച്ചതാണെന്നും പെന്റഗൺ പറയുന്നു.

എന്നാൽ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ഈ ഗവേഷണം കൊണ്ട് സാധിക്കില്ലെന്ന് പെന്റഗൺ ഉദ്യോഗസ്ഥർ സമ്മതിച്ചു. അത്രത്തോളം അത്തരം വിശ്വാസങ്ങൾ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളും പുസ്തകങ്ങളും സിനിമകളും ആകാശത്തെ അജ്ഞാത പ്രതിഭാസങ്ങളെ കുറിച്ചുള്ള ഇന്റർനെറ്റ്, സോഷ്യൽ മീഡിയാ ഉള്ളടക്കങ്ങളുമെല്ലാം ഈ വിഷയത്തിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ അത്തരം വിശ്വാസങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

യുഎഫ്ഒ കളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാനുള്ള യുഎസ് സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പെന്റഗണിലെ ഓൾ ഡൊമൈൻ അനോമലി റെസൊലൂഷൻ ഓഫീസ് (ആരോ) ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തത്. ഇതിന്റെ ഭാഗമായി നാസയുടെ ഉദ്യോഗസ്ഥരുടെ പൊതുയോഗങ്ങളും കോൺഗ്രസിൽ വെച്ചുള്ള വിചാരണകളും സർക്കാർ സംഘടിപ്പിച്ചിരുന്നു.

ബഹിരാകാശ പേടകങ്ങളും അന്യഗ്രഹ അവശിഷ്ടങ്ങളും സർക്കാർ വീണ്ടെടുത്തുവെന്നും അതിന്റെ അന്യഗ്രഹ ഗവേഷണ പ്രവർത്തനങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഗൂഢാലോചന നടത്തിയെന്നുമാണ് യുഎഫ്ഒകളുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട ആരോപണം.

എന്നാൽ അന്യഗ്രഹ ജീവികളുടെ സന്ദർശനവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പെന്റഗൺ വ്യക്തമാക്കുന്നു. സാധാരണ വസ്തുക്കളെയും പ്രതിഭാസങ്ങളേയും ആളുകൾ യുഎഫ്ഒകളായി തെറ്റിദ്ധരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 1945 വരെയുള്ള എല്ലാ രഹസ്യ രേഖകളും ആർക്കൈവുകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. അന്യഗ്രഹ പേടകം കണ്ടെടുത്തുവെന്ന അഭ്യൂഹങ്ങൾ ഗവേഷകർ പൂർണമായും നിഷേധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.