തൊണ്ണൂറ്റി എട്ടാമത്തെ മാർപ്പാപ്പ വി. പാസ്‌ക്കല്‍ ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-98)

തൊണ്ണൂറ്റി എട്ടാമത്തെ മാർപ്പാപ്പ വി. പാസ്‌ക്കല്‍ ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-98)

വി. പാസ്‌ക്കല്‍ ഒന്നാമന്‍ മാര്‍പ്പാപ്പ
റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയുടെ കിരീടധാരണം റോമില്‍ വെച്ചുതന്നെ നടത്തുന്ന കീഴ്‌വഴക്കം ആരംഭിച്ചത് പാസ്‌ക്കല്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലത്താണ്. എന്നിരുന്നാലും തന്റെ കര്‍ക്കശവും നിര്‍ദ്ദയവുമായ ഭരണരീതിമൂലം റോമന്‍ ജനതയാല്‍ വെറുക്കപ്പെടുകയും തന്മൂലം മറ്റു മാര്‍പ്പാപ്പമാരെപ്പോലെ അദ്ദേഹത്തിന്റെ ഭൗതികശരീരം മരണശേഷം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്യുവാന്‍ സാധിക്കാതെ വരികയും ഉണ്ടായി.

മാര്‍പ്പാപ്പാമാരുടെ ചരിത്രമടങ്ങുന്ന ലിബര്‍ പൊന്തിഫിക്കാലിസ് എന്ന ഗ്രന്ഥം രേഖപ്പെടുത്തുന്നതനുസരിച്ച് ബോനോസൂസിന്റെയും തിയഡോറയുടെയും മകനായി ഏ. ഡി. 775-ല്‍ പാസ്‌ക്കല്‍ മാര്‍പ്പാപ്പ റോമില്‍ ജനിച്ചു. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് വി. സ്റ്റീഫന്റെ മോണസ്ട്രിയുടെ ആബട്ടായിരുന്നു അദ്ദേഹം. സ്റ്റീഫന്‍ നാലാമന്‍ മാര്‍പ്പാപ്പ ദിവംഗതനായ അന്നേ ദിവസം തന്നെ അതായത് ഏ. ഡി. 817 ജനുവരി 24-ാം തീയതി അദ്ദേഹത്തിന്റെ പിന്‍ഗാമിയും തിരുസഭയുടെ തൊണ്ണൂറ്റിയെട്ടാമത്തെ തലവനുമായി പാസ്‌ക്കല്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെടുകയും തൊട്ടടുത്ത ദിവസം തന്നെ റോമിന്റെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു.

ഫ്രാങ്കിഷ് ചക്രവര്‍ത്തിമാരുടെ ഇടപെടല്‍ ഉണ്ടാകാതിരിക്കുന്നതിനായിട്ടാണ് പുതിയ പാപ്പായുടെ പെട്ടന്നുള്ള തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ പാസ്‌ക്കല്‍ പാപ്പാ തന്റെ സ്ഥാനാരോഹണം കഴിഞ്ഞയുടനെ റോമിന്റെ മെത്രാനായുള്ള തന്റെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള വിവരം ലൂയിസ് ചക്രവര്‍ത്തിയെ അറിയിച്ചു. ഈ കത്തിന് മറുപടിയായി മാര്‍പ്പാപ്പയെ അഭിനന്ദിച്ചുകൊണ്ടും താന്‍ സ്റ്റീഫന്‍ നാലാമന്‍ പാപ്പായുമായി റീംസില്‍ വെച്ചുണ്ടാക്കിയ കരാറുകള്‍ വീണ്ടും ലൂയിസ് ചക്രവര്‍ത്തി സ്ഥിരീകരിച്ചു. മാത്രമല്ല പേപ്പല്‍ സ്റ്റേറ്റിന്റെ കാര്യങ്ങളില്‍ ഇടപെടില്ല എന്നും ഭാവിയിലും മാര്‍പ്പാപ്പാമാരുടെ തിരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്തുന്നതിന് തന്റെ സഹായം ഉണ്ടാവുമെന്നും ചക്രവര്‍ത്തി ഉറപ്പ് നല്‍കി. സഭാധികാരികളുടെ അനുവാദത്തോടെ മാത്രമേ സഭയുടെ പ്രശ്‌നങ്ങളില്‍ ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ ഭരണകൂടവും ഇടപെടുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ചക്രവര്‍ത്തിയും മാര്‍പ്പാപ്പയും തമ്മിലുള്ള ഉടമ്പടി ഉള്‍പ്പെടുന്ന ഔദ്യോഗിക രേഖ പാക്റ്റും ലുദോവിച്ചിയാനും (Pactum Ludovicianum) എന്നാണ് അറിയപ്പെടുന്നത്. പാസ്‌ക്കല്‍ ഒന്നാമന്‍ പാപ്പായുടെ ഭരണകാലം മുഴുവനും ചക്രവര്‍ത്തിയുമായി ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏ. ഡി. 822-ല്‍ റീംസിലെ മെത്രാപ്പോലീത്തായായിരുന്ന എബ്ബോയെ ഡെന്മാര്‍ക്കിലും സമീപപ്രദേശങ്ങളിലും സുവിശേഷപ്രഘോഷണത്തിനായി നിയോഗിച്ചപ്പോള്‍ ലൂയിസ് ചക്രവര്‍ത്തി ആ തീരുമാനത്തെ സ്വാഗതം ചെയ്യുകയും മെത്രാപ്പോലീത്തായെ റോമിലേക്ക് അയക്കുകയും ചെയ്തു. പാപ്പാ എബ്ബോ മെത്രാപ്പോലീത്തായെ യൂറോപ്പിലെ വടക്കന്‍ പ്രദേശങ്ങളിലേക്കുള്ള പേപ്പല്‍ പ്രതിനിധിയായി നിയോഗിച്ചു.

ഏ. ഡി. 817-ല്‍ മാര്‍പ്പാപ്പായുടെ അംഗീകാരത്തോടെ ലൂയിസ് ചക്രവര്‍ത്തിയുടെ മകനായ ലൊത്തെയര്‍ സഹചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടു. ഏ. ഡി. 823-ല്‍ ലൊത്തെയര്‍ ഇറ്റലി സന്ദര്‍ശിക്കുവാനായി എത്തിയപ്പോള്‍ പാസ്‌ക്കല്‍ പാപ്പാ അദ്ദേഹത്തെ റോമിലേക്ക് ക്ഷണിക്കുകയും ഈസ്റ്റര്‍ ഞായറാഴ്ച്ച ദിവസം ലൊത്തയറിനെ ആഘോഷപൂര്‍വ്വം ചക്രവര്‍ത്തിയായി അഭിഷേകം ചെയ്യുകയും ചെയ്തു. മാത്രമല്ല ഭൗതികാധികാരത്തെ സൂചിപ്പിക്കുന്ന ഒരു വാള്‍ പാപ്പാ അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. തന്റെ പിതാവില്‍നിന്നും വ്യത്യസ്തനായി കൂടുതല്‍ സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയായിരുന്നു ലൊത്തെയര്‍. തന്റെ രാജകീയ അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ട് റോമിന് വടക്കുള്ള ഫാര്‍ഫാ എന്ന സന്യാസാശ്രമത്തെ പരിശുദ്ധ സിംഹാസനം ഏര്‍പ്പെടുത്തിയ നികുതിയില്‍നിന്നും സ്വതന്ത്രമാക്കി. ചക്രവര്‍ത്തിയുടെ ഈ നടപടി പാപ്പായെ പിന്തുണക്കുന്നവരുടെ ഇടയില്‍ കനത്ത എതിര്‍പ്പിന് കാരണമായി. എന്നാല്‍ പാപ്പായെ എതിര്‍ത്തിരുന്ന പ്രഭുപക്ഷം ചക്രവര്‍ത്തിയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. മാത്രമല്ല, വൈദിക വിഭാഗത്തിനെതിരെ ചക്രവര്‍ത്തിയുടെ പിന്തുണ തേടി.

ലൊത്തെയര്‍ ചക്രവര്‍ത്തി റോമില്‍നിന്ന് മടങ്ങിയ ഉടനെതന്നെ പേപ്പല്‍ ഭരണസംവിധാനത്തെ പിന്തുണച്ചിരുന്നവര്‍ ഫ്രാങ്കിഷ് വിഭാഗക്കാരായ രണ്ടുപേരെ ചക്രവര്‍ത്തിയോടുള്ള വിശ്വസ്തതയുടെ പേരില്‍ പിടികൂടി ലാറ്ററനില്‍വെച്ച് അവരെ അന്ധരാക്കുകയും ശിരഛേദം ചെയ്യുകയും ചെയ്തു. പ്രസ്തുത സംഭവത്തില്‍ തനിക്ക് വ്യക്തിപരമായി ഒരു പങ്കും ഇല്ലായെന്ന് പാപ്പാ വെളിവാക്കിയെങ്കിലും ചക്രവര്‍ത്തി ഒരു അന്വേഷണസംഘത്തെ റോമിലേക്ക് അയച്ചു. തന്റെ മുന്‍ഗാമിയായ ലീയോ മൂന്നാമന്‍ പാപ്പായുടെ മാതൃക പിന്തുടര്‍ന്നുകൊണ്ട് മുപ്പത്തിനാല് മെത്രാന്മാരുടെ സിനഡിന്റെ മുമ്പില്‍വെച്ച് തന്റെ നിരപരാധിത്വം ഏറ്റുപറയുകയും വധിക്കപ്പെട്ടവര്‍ വിശ്വാസവഞ്ചകരും രാജ്യദ്രോഹികളുമായതിനാലാണ് അവര്‍ വധിക്കപ്പെട്ടതെന്ന് സിനഡിനുമുമ്പില്‍ പറയുകയും ചെയ്തു. ഈ സംഭവം മൂലം റോമിനുമേല്‍ കൂടുതല്‍ ശ്രദ്ധയും മേല്‍നോട്ടവും വേണമെന്ന് ഫ്രാങ്കിഷ് ചക്രവര്‍ത്തി തീരുമാനിച്ചു. എന്നാല്‍ അത്തരം നീക്കങ്ങളിലേക്ക് കടക്കുന്നതിനുമുമ്പേ പാസ്‌ക്കല്‍ പാപ്പാ കാലം ചെയ്തു.

പാസ്‌ക്കല്‍ മാര്‍പ്പാപ്പയുടെ ഭരണകാലത്ത് ദേവാലയങ്ങളില്‍ തിരുസ്വരൂപങ്ങള്‍ ഉപയോഗിക്കുന്നതും വണങ്ങുന്നതും എതിര്‍ത്തിരുന്ന ഐക്കണോക്ലാസം വീണ്ടും പൗരസ്ത്യസഭയില്‍ ശക്തി പ്രാപിച്ചു. ഇതേത്തുടര്‍ന്നുണ്ടായ പീഡനങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ പൗരസ്ത്യദേശത്തുനിന്നും പലായനം ചെയ്യേണ്ടിവന്ന ധാരാളം സന്യാസികള്‍ക്ക് പാസ്‌ക്കല്‍ പാപ്പാ അഭയം നല്‍കി. ഐക്കണോക്ലാസം പൗരസ്ത്യസഭയിലുണ്ടാക്കുന്ന വിനാശങ്ങളെക്കുറിച്ച് പാസ്‌ക്കല്‍ മാര്‍പ്പാപ്പ ബൈസന്റൈന്‍ ചക്രവര്‍ത്തിയായ ലിയോ അഞ്ചാമന് മുന്നറിയിപ്പു നല്‍കുകയും ഐക്കണോക്ലാസത്തിനെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും ലിയോ അഞ്ചാമന്‍ ചക്രവര്‍ത്തി പാപ്പായുടെ മുന്നറിയിപ്പുകള്‍ ചെവിക്കൊണ്ടില്ല.

പാസ്‌ക്കല്‍ മാര്‍പ്പാപ്പയാണ് വി. സിസിലിയായുടെ തിരുശേഷിപ്പ് കലിസ്റ്റസ് മാര്‍പ്പാപ്പയുടെ കാറ്റക്യൂമ്പില്‍നിന്ന് കണ്ടെത്തുന്നതും റോമിലെ ട്രസ്‌തേവരയിലുള്ള സാന്താ സിസിലിയ ദേവാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നതും. ഇക്കാലയളവില്‍ തന്നെ പാപ്പാ ദേവാലയങ്ങളും ബസിലിക്കകളും മോടിപിടിപ്പിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു.


ഏ. ഡി. 824 ഫെബ്രുവരി 11-ന് പാസ്‌ക്കല്‍ ഒന്നാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ നയങ്ങളോടും നിര്‍ദ്ദയമായ ഭരണരീതികളോടും എതിര്‍പ്പുണ്ടായിരുന്ന റോമന്‍ പ്രഭുക്കന്മാരുടെയും ജനങ്ങളുടെയും എതിര്‍പ്പുമൂലം അദ്ദേഹത്തിന്റെ ഭൗതികശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ കബറടക്കുവാന്‍ സാധിച്ചില്ല. പകരം പാപ്പാ തന്നെ നിര്‍മ്മിച്ച സാന്താ പ്രസ്സേദെ ബസിലിക്കയിലാണ് പാസ്‌ക്കല്‍ ഒന്നാമന്‍ പാപ്പായെ കബറടക്കിയിരിക്കുന്നത്.

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.