ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നാണാവശ്യപ്പെട്ടാണ് മുസ്ലീം ലീഗ് കോടതിയെ സമീപിക്കുക. പൗരത്വഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലീം ലീഗ് നല്‍കിയ ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഇതിന് പുറമെയാണ് ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതുവരെ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് പുതിയ ഹര്‍ജിയിലെ ആവശ്യം.
ഇന്നലെ വൈകുന്നേരത്തോടെയാണ് പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നത് 2019 ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.
2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരുന്നത്.
2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.