പൗരത്വനിയമ ഭേദഗതി: പ്രതിഷേധം ശക്തം; രാജ്യത്തെ മുസ്ലീം വിഭാഗം സുരക്ഷിതരെന്ന് കേന്ദ്രം

 പൗരത്വനിയമ ഭേദഗതി: പ്രതിഷേധം ശക്തം; രാജ്യത്തെ മുസ്ലീം വിഭാഗം സുരക്ഷിതരെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയില്‍ രാജ്യ വ്യാപകമായി പ്രതിഷേധം തുടരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. വിജ്ഞാപനത്തിനെതിരെ നിയമപരമായി നീങ്ങുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളടക്കം ശ്രമിക്കുകയാണ്. അസമില്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു.

അസമില്‍ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലങ്ങളും നിയമത്തിന്റെ പകര്‍പ്പും കത്തിച്ചു.
ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം സജീവമായി തുടരുകയാണ്. ഇന്നലെ ഡല്‍ഹിയ സര്‍വകലാശാലയില്‍ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

കേരളത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളും സഖ്യകക്ഷികളുമെല്ലാം പ്രതിഷേധത്തിലുണ്ട്. ഇന്നും പലയിടങ്ങളിലും പ്രതിഷേധം നടത്താനാണ് മുന്നണികളുടെയും പാര്‍ട്ടികളുടെയും സംഘടനകളുടെയും തീരുമാനം. ഇതിനിടെ ആരും പൗരത്വത്തിന് അപേക്ഷിക്കരുതെന്ന് ബംഗാളില്‍ മമത ബാനര്‍ജി ആവര്‍ത്തിച്ചു. പൗരത്വനിയമ ഭേദഗതിയെ ചെറുക്കണമെന്നും മമത ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്നവരെയെല്ലാം അഭയാര്‍ത്ഥികളാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും മമത കൂട്ടിച്ചേര്‍ത്തു.

പൗരത്വത്തിന് അപേക്ഷിച്ച് അത് അംഗീകരിക്കുന്ന സമിതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് പ്രാധാന്യം. സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ക്ഷണിതാക്കള്‍ മാത്രമാണ് എന്ന് കേന്ദ്രം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും പ്രതിഷേധം ശക്തമാകാന്‍ കാരണമായി. സംസ്ഥാനങ്ങളുടെ അധികാരം നിസാരമാക്കുന്ന നീക്കമാണിത്. അതിനാല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍.

അതേസമയം മുസ്ലീം വിഭാഗക്കാര്‍ വിജ്ഞാപനത്തിന്റെ പേരില്‍ ഭയപ്പെടേണ്ടതില്ലെന്ന് ഇന്നലെ പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ തിരിച്ചയക്കുമെന്ന ഭയം വേണ്ട, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ നിലവില്‍ ധാരണയൊന്നുമില്ലെന്നും ഒരിന്ത്യന്‍ പൗരനോടും സിഎഎയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ ചോദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങള്‍ക്കും നിലവിലുള്ള നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാന്‍ തടസമില്ല. അയല്‍രാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണ് സിഎഎ കൊണ്ടുവന്നതെന്നുമാണ് വിശദീകരണക്കുറിപ്പിലൂടെ കേന്ദ്രം പറയുന്നത്.

ചോദ്യോത്തര രൂപത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

* രാജ്യത്തെ മുസ്ലീങ്ങളെ സിഎഎ എങ്ങനെ ബാധിക്കും?

രാജ്യത്ത് ഹിന്ദുക്കളെ പോലെ തുല്യ അവകാശമുള്ളവരാണ് 18 കോടി വരുന്ന മുസ്ലീം ജനതയും. ഇവരുടെ പൗരത്വത്തെ ബാധിക്കുന്ന യാതൊന്നും ഈ നിയമത്തില്‍ ഇല്ല. സിഎഎ നടപ്പാക്കുന്നതിന്റെ പേരില്‍ ഒരു ഇന്ത്യന്‍ പൗരനോട് പോലും അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടില്ല. .

* ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ ഈ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമോ?

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതവിവേചനം നേരിട്ട സിഖ്, ജൈന, പാഴ്‌സി, ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ വിഭാഗക്കാര്‍ക്കാണ് സിഎഎ നിയമപ്രകാരം പൗരത്വം നല്‍കുന്നത്. ഇവര്‍ 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ ആയിരിക്കണം. കുടിയേറ്റക്കാരെ തിരിച്ചയക്കാനായി ഈ മൂന്ന് രാജ്യങ്ങളുമായി ഇന്ത്യക്ക് കരാറില്ല. കുടിയേറ്റക്കാരെ സ്വദേശത്തേക്ക് നാടുകടത്താനുള്ള വ്യവസ്ഥകള്‍ സിഎഎയിലില്ല. അതുകൊണ്ട് തന്നെ സിഎഎ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.

* ആരാണ് അനധികൃത കുടിയേറ്റക്കാര്‍?

1955 ലെ പൗരത്വ നിയമത്തിലുള്ളതു പോലെ, മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിച്ച വിദേശിയാണ് സിഎഎ പ്രകാരവും അനധികൃത കുടിയേറ്റക്കാര്‍.

* സിഎഎ ഇസ്ലാമിന്റെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കും?

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും ഇസ്ലാമിന്റെ പേര് കളങ്കപ്പെടുത്താന്‍ കാരണമായി. അതേസമയം, സമാധാനത്തിന്റെ മതമായ ഇസ്ലാം ഒരിക്കലും അക്രമങ്ങളെയോ വിദ്വേഷത്തെയോ പീഡനത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. സിഎഎ എന്നത് വിവേചനം അനുഭവിച്ചവരോട് കരുണ കാണിക്കുന്നതിനുള്ള ഉപാധിയാണ്. മാത്രമല്ല, ഇത്തരം പീഡനങ്ങളുടെ പേരില്‍ ലോകത്തിന് മുന്നില്‍ ഇസ്ലാമിന്റെ പ്രതിച്ഛായ മോശമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

* ഇന്ത്യന്‍ പൗരത്വം നേടുന്നതില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കുന്നുണ്ടോ?

ഇല്ല. ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെ സെക്ഷന്‍ 6 പ്രകാരം, ലോകത്തിന്റെ ഏതു ഭാഗത്തുള്ള മുസ്ലീങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാം.

* 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടോ?

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷ വിഭാഗങ്ങളോട് കരുണ കാണിക്കുന്നതിന്റെ ഭാഗമായി 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യേണ്ടത് ആവശ്യമാണ്.

* സിഎഎ അനിവാര്യമാകുന്നത് എന്തുകൊണ്ട്?

അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിച്ച് പൗരത്വ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തിലൊരു നിയമം അനിവാര്യമാണ്. നേരത്തെ 2016 ല്‍ ഈ മൂന്ന് രാജ്യങ്ങളിലെയും ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഇന്ത്യയില്‍ കഴിയാനുള്ള ദീര്‍ഘകാല വിസയ്ക്കും അര്‍ഹരാണെന്ന് പ്രഖ്യാപിച്ചിരുന്നു.

* വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാര്‍ക്ക് ഏതെങ്കിലും വിധത്തില്‍ നിയന്ത്രണം ഉണ്ടാകുമോ?

നിലവിലുള്ള മൗലികാവകാശങ്ങളൊന്നും ഇതുമൂലം നഷ്ടമാകുന്നില്ല. അതുകൊണ്ടു തന്നെ വിദേശ രാജ്യത്ത് നിന്നുള്ള മുസ്ലീം കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള ഏതൊരു വ്യക്തിക്കും നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കുന്നതിന് യാതൊരു തടസവുമില്ല. ഇസ്ലാമിക ആചാര പ്രകാരം ജീവിക്കുന്നവരും ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പീഡനത്തിനിരയാകുന്നുണ്ട്, ഇവര്‍ക്കും നിലവില്‍ രാജ്യത്തുള്ള നിയമങ്ങള്‍ അനുസരിച്ച് തന്നെ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം. സിഎഎ ഇതിന് തടസമാകില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.