സിഎഎ: നിയമ പോരാട്ടത്തിനൊരുങ്ങി സര്‍ക്കാര്‍; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

 സിഎഎ: നിയമ പോരാട്ടത്തിനൊരുങ്ങി സര്‍ക്കാര്‍; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എങ്ങനെ ഇടപെടണമെന്നത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് തന്നെ ഇത് സംബന്ധിച്ച നീക്കമുണ്ടാകുമെന്നാണ് വിവരം.

അഡ്വക്കേറ്റ് ജനറല്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. ഭരണഘടനാ വിദഗ്ധരായ അഭിഭാഷകരുമായി കൂടിയാലോചന നടത്തി ഉടന്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ എജിക്ക് നല്‍കിയ നിര്‍ദേശം. ഭരണഘടനയുടെ 14, 21, 25 എന്നി അനുച്ഛേദങ്ങളുടെ ലംഘനമാണ് സിഎഎ എന്നും ചട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ട് കേന്ദ്രം വിജ്ഞാപനം ഇറക്കിയത് റദ്ദാക്കണമെന്നുമാകും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെടുക.

അതേസമയം പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ നേരത്തെ തന്നെ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. മതം, ജാതി, വംശം ഇതിന്റെയൊന്നും അടിസ്ഥാനത്തില്‍ ഒരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. ഭരണഘടനയുടെ 21 -ാം ആര്‍ട്ടിക്കിള്‍ ജീവിക്കാനുള്ള അവകാശമാണ്. ഇക്കാര്യം സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സിഎഎ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സംസ്ഥാനം ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഭരണഘടനക്ക് വിരുദ്ധമായ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചട്ടങ്ങള്‍ സ്വാഭാവികമായും ഭരണഘടനാ വിരുദ്ധമാണ്. അത് നടപ്പിലാക്കാന്‍ ഭരണഘടനാപരമായി നമുക്ക് ബാധ്യതയില്ല. ഈ നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളതെന്ന് നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.