ആറാം വയസില്‍ പോളിയോ; 70 വര്‍ഷം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച ഗിന്നസ് റെക്കോര്‍ഡ് ഉടമ പോള്‍ അലക്സാണ്ടര്‍ 78-ാം വയസില്‍ അന്തരിച്ചു

 ആറാം വയസില്‍ പോളിയോ; 70 വര്‍ഷം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച ഗിന്നസ് റെക്കോര്‍ഡ് ഉടമ പോള്‍ അലക്സാണ്ടര്‍ 78-ാം വയസില്‍ അന്തരിച്ചു

ടെക്സാസ്: പോളിയോ ബാധിച്ച് 70 വര്‍ഷത്തോളം ഇരുമ്പ് ശ്വാസകോശത്തില്‍ അസാധാരണ ജീവിതം നയിച്ച പോള്‍ അലക്സാണ്ടര്‍ അന്തരിച്ചു. ആറാം വയസില്‍ പോളിയോ ബാധിതനായ പോള്‍ 78 ാം വയസിലാണ് മരിച്ചത്. 1952ലാണ് പോളിയോ ബാധിച്ച് പോളിന് കഴുത്തിനു താഴേക്ക് തളര്‍ന്നത്. സ്വയം ശ്വസിക്കാനാവാതിരുന്ന പോളിനെ അന്ന് ടെക്സാസിലെ ആശുപത്രിയിലേക്ക് മാറ്റുകയും ഇരുമ്പ് ശ്വാസകോശത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പോളിയോ ബാധിച്ചതിനാല്‍ തലയും കഴുത്തും വായയും മാത്രമേ പോളിന് ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അങ്ങനെയാണ് 600 പൗണ്ട് ഭാരമുള്ള ലോഹം കൊണ്ടുള്ള സംവിധാനത്തില്‍ അദ്ദേഹം വര്‍ഷങ്ങളോളം ജീവിച്ചത്. ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച അവസാനത്തെ ആളുകളില്‍ ഒരാളായിരുന്നു അദ്ദേഹം. 'ഇരുമ്പ് ശ്വാസകോശത്തിലെ മനുഷ്യന്‍' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.


പോള്‍ അലക്‌സാണ്ടര്‍ ബാല്യത്തില്‍

അമേരിക്കയില്‍ വലിയ രീതിയില്‍ പോളിയോ പൊട്ടിപുറപ്പെട്ട സമയമായിരുന്നു 1952 കാലഘട്ടം. അലക്സാണ്ടറടക്കം നിരവധി കുട്ടികള്‍ക്ക് പോളിയോ ബാധിച്ചു. അലക്സാണ്ടര്‍ ഉള്‍പ്പെടെ ടെക്സാസിലെ ഡാളസിന് ചുറ്റും താമിച്ചിരുന്ന നൂറുകണക്കിന് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ഇരുമ്പ് ശ്വാസകോശമുള്ള വാര്‍ഡിലാണ് ചികിത്സ നല്‍കിയത്. പോളിന് സ്വയം ശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയതിനെത്തുടര്‍ന്നാണ് ഈ ചികിത്സാരീതി തുടര്‍ന്നത്. ഇരുമ്പ് ശ്വാസകോശത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വ്യക്തിയായി അലക്സാണ്ടര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലും ഇടം നേടിയിട്ടുണ്ട്.

വായില്‍ ഒരു വടി ഉപയോഗിച്ച് അലക്‌സാണ്ടറിന് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനും ഫോണ്‍ ഉപയോഗിക്കാനും കഴിയുമായിരുന്നു.

ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ശ്വസന സഹായ സംവിധാനമാണ് ഇരുമ്പ് ശ്വാസകോശം. പുതിയ ആരോഗ്യ രംഗത്ത് ഇതിന്റെ ഉപയോഗം കാലഹരണപ്പെട്ടതാണ്. എന്നാല്‍ പരിമിതികള്‍ക്കിടയിലും അലക്സാണ്ടര്‍ ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. എഴുത്തുകാരനും അഭിഭാഷകനായിരുന്നു. 2020ല്‍ അദ്ദേഹം ഒരു ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അലക്‌സാണ്ടറുടെ ജീവിതം ലോകമെമ്പാടും നിരവധി ആളുകളെ ക്രിയാത്മകമായി സ്വാധീനിച്ചിട്ടുണ്ട്. 'പോള്‍ അവിശ്വസനീയമായ ഒരു മാതൃകയായിരുന്നു, അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും' - ദീര്‍ഘനാളത്തെ സുഹൃത്തായ സ്പിങ്ക്സ് പറഞ്ഞു.


1950കളില്‍ പോളിയോ ബാധിച്ച നിരവധി കുട്ടികളെ ഇരുമ്പ് ശ്വാസകോശങ്ങളില്‍ ചികിത്സിക്കുന്നു.

അലക്‌സാണ്ടര്‍ പ്രത്യാശയുടെ പ്രകാശഗോപുരവും അനേകര്‍ക്ക് പ്രചോദനത്തിന്റെ ഉറവിടവുമായിരുന്നു. ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്രിയാത്മക വീക്ഷണവും പരിമിതികളില്‍ നിര്‍വചിക്കപ്പെടാനുള്ള വിസമ്മതവും ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സ്പര്‍ശിച്ചു. അദ്ദേഹത്തിന്റെ കഥ അഭിമുഖങ്ങളായി നിരവധി മാധ്യമങ്ങളില്‍ വന്നു. അദ്ദേഹത്തിന്റെ അവിശ്വസനീയമായ സഹിഷ്ണുതയും സന്തോഷകരമായ മനോഭാവവും ജീവിതത്തെ പ്രകാശമയമാക്കി.

ജീവിതത്തെ പരിമിതികള്‍ക്കപ്പുറം കാണാനും സ്വപ്നങ്ങള്‍ക്കായി പരിശ്രമിക്കാനും വരും തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് അലക്‌സാണ്ടറുടെ കഥയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.