'ബന്ദികളുടെ മോചനത്തിന് സഹായിക്കണം': ഖത്തര്‍ അമീറിന്റെ മാതാവിന് കത്തയച്ച് നെതന്യാഹുവിന്റെ ഭാര്യ സാറ

'ബന്ദികളുടെ മോചനത്തിന് സഹായിക്കണം': ഖത്തര്‍ അമീറിന്റെ മാതാവിന് കത്തയച്ച് നെതന്യാഹുവിന്റെ ഭാര്യ സാറ

ടെല്‍ അവീവ്: ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കാന്‍ ഇടപെടണം എന്നഭ്യര്‍ഥിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ മാതാവ് ശൈഖ മൂസ ബിന്‍ നാസറിന് കത്തയച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു.

റമദാന്റെ പവിത്രത സൂചിപ്പിക്കുന്ന കത്തില്‍ ഹമാസിന്റെ തടവിലുള്ളവരെ മോചിപ്പിക്കാന്‍ ശ്രമമുണ്ടാകണം എന്ന് ആവശ്യപ്പെടുന്നു. തടവുകാരില്‍ 19 പേര്‍ വനിതകളാണന്നും കത്തില്‍ പറയുന്നു.

ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്ന രാജ്യമാണ് ഖത്തര്‍. ഇരു വിഭാഗവുമായി ഖത്തര്‍ ഭരണകൂടം നിരവധി ചര്‍ച്ചകള്‍ നടത്തി. കൂടാതെ അമേരിക്ക, ഈജിപ്ത് എന്നിവരുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സാധിക്കാത്തതില്‍ ഖത്തര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇസ്രയേല്‍ ആക്രമണം നിര്‍ത്തണം, സൈന്യത്തെ പിന്‍വലിക്കണം, പാലസ്തീന്‍കാരെ ജയിലുകളില്‍ നിന്ന് വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഇത്തരം ഉപാധികളെല്ലാം അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറായില്ല.

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് ശക്തമായ തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍കിയത്. പക്ഷേ, ഹമാസിന്റെ തടവിലുള്ള ബന്ദികളെ എല്ലാവരേയും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇസ്രയേലുകാരായ ബന്ദികളുടെ മോചനത്തിന് ഇടപെടണം എന്നാവശ്യപ്പെട്ട് സാറ നെതന്യാഹു നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും കത്തയച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.