ഹെയ്തിയിൽ നിന്ന് അമേരിക്കക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു; വിമാനം മിയാമിയിലിറങ്ങിയതായി അധികൃതർ

ഹെയ്തിയിൽ നിന്ന് അമേരിക്കക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു; വിമാനം മിയാമിയിലിറങ്ങിയതായി അധികൃതർ

വാഷിം​ഗ്ടൺ: കലാപം രൂക്ഷമായ ഹെയ്തിയിൽ നിന്ന് മുപ്പതിലധികം അമേരിക്കക്കാരെ ഒഴിപ്പിച്ചതായി സർക്കാർ. ചാർട്ടേഡ് വിമാനത്തിൽ‌ പൗരന്മാർ സുരക്ഷിതരായി ഫ്ലോറിഡയിലെ മിയാമിയിൽ എത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് സ്ഥിരീകരിച്ചു. അരാജകത്വം തുടരുന്നതിനാൽ എത്രയും വേഗം ഹെയ്തി വിടാൻ ഈ മാസം ആദ്യം പോർട്ട് - ഓ- പ്രിൻസിലെ യുഎസ് എംബസി പൗരന്മാരോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി.

മാർച്ച് 17 ഞായറാഴ്ച ചാർട്ടർ വിമനാത്തിൽ 30 ലധികം യുഎസ് പൗരന്മാർക്ക് ഹെയ്തിയിലെ ക്യാപ് - ഹെയ്റ്റിയനിൽ നിന്ന് സുരക്ഷിതമായി പുറപ്പെടാൻ സൗകര്യമൊരുക്കിയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു. ഈ യാത്രക്കാർ ഇപ്പോൾ സുരക്ഷിതമായി ഫ്ലോറിഡയിലെ മിയാമിയിലാണ്. വാണിജ്യ അടിസ്ഥാനത്തിലുള്ള വിമാന യാത്രകൾ ലഭ്യമല്ലാത്തിടത്തോളം കാലം തങ്ങൾ അമേരിക്കൻ പൗരന്മാരെ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.

ഗുണ്ടാസംഘങ്ങളുടെ നിയന്ത്രണത്തിലുള്ള പോർട്ട് - ഓ - പ്രിൻസിൽ നിന്ന് അഞ്ചര മണിക്കൂർ യാത്ര ചെയ്താൽ ക്യാപ് - ഹെയ്റ്റിയനിൽ എത്താം. ഹെയ്തിയിലെ പോർട്ട് - ഓ - പ്രിൻസിലെ പ്രധാന വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികൾ വഷളായതോടെ സർക്കാരും സഹായ ഏജൻസികളും സഹായ സാമഗ്രികൾ കൊള്ളയടിക്കുന്നതായും അധികൃതർ റിപ്പോർട്ട് ചെയ്തു.

ക്രമരഹിതമായ വടക്കൻ നഗരമായ ക്യാപ് - ഹെയ്റ്റിയനിൽ നിന്ന് യുഎസ് പൗരന്മാർക്ക് പരിമിതമായ ചാർട്ടർ ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്യുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ക്യാപ് - ഹെയ്റ്റിയൻ വിമാനത്താവളത്തിൽ സുരക്ഷിതമായി എത്തിച്ചേരാൻ കഴിയുമെന്ന് കരുതുന്നെങ്കിൽ മാത്രമേ യു.എസ് പൗരന്മാർ ചാർട്ടർ ഫ്ലൈറ്റുകളെ കുറിച്ച് ആലോചിക്കാവൂ എന്നും അധികൃതർ പറഞ്ഞിരുന്നു.

സായുധ മാഫിയാ സംഘങ്ങളുടെ നേതൃത്വത്തിലുള്ള കലാപം തുടരുന്നതിനിടെ ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ഹെൻ‍റി അടുത്തിടെ രാജിവെച്ചിരുന്നു. ഗുണ്ടാ സംഘങ്ങൾക്ക് നിർണായക സ്വാധീനമുള്ള ഹെയ്തിയിൽ സമാധാനം പുനസ്ഥാപിക്കാനും പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള സഹായം തേടി പ്രധാനമന്ത്രി ഹെൻ‍റി, കെനിയ സന്ദർശിക്കുന്നതിനിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് പ്യൂർട്ടൊറീക്കോയിലെത്തിയ അദ്ദേഹം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് മടങ്ങാനാകാതെ അവിടെ കുടുങ്ങിക്കിടക്കുകയാണ്. കലാപത്തിന്റെ മറവിൽ ആയിരക്കണക്കിന് തടവുകാർ ജയിൽ ചാടി. 3.62 ലക്ഷംപേർക്ക് വീട് വിട്ടുപോകേണ്ടിവന്നു.

2021 ജൂലൈയിൽ അന്നത്തെ പ്രസിഡന്റ് ജോവനൽ മൊയ്സ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുകയും രാജ്യമെമ്പാടും കലാപ സമാനമായ അന്തരീക്ഷമുയരുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

കൊലപാതകം രാഷ്ട്രീയ അസ്ഥിരത ആൾക്കൂട്ട അക്രമം എന്നിവയാൽ പൊറുതി മുട്ടിയ രാജ്യം കൂടിയാണ് ഹെയ്തി. 2020 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനംസഖ്യയുടെ 90 ശതമാനവും ക്രൈസ്തവരാണ്. നിയമവാഴ്ചയില്ലാത്തതാണ് രാജ്യത്തെ സായുധ സംഘങ്ങൾ അധിനിവേശം നടത്താനുള്ള പ്രധാന കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.