ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ കണ്‍വേര്‍ഷന്‍ തെറാപ്പി നിരോധന ബില്ലില്‍ മതപരമായ പ്രബോധനം ശിക്ഷാര്‍ഹമല്ല; സ്വാഗതം ചെയ്ത് ക്രൈസ്തവ നേതൃത്വം

ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ കണ്‍വേര്‍ഷന്‍ തെറാപ്പി നിരോധന ബില്ലില്‍ മതപരമായ പ്രബോധനം ശിക്ഷാര്‍ഹമല്ല; സ്വാഗതം ചെയ്ത് ക്രൈസ്തവ നേതൃത്വം

സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍

സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ നിര്‍ദിഷ്ട കണ്‍വേര്‍ഷന്‍ തെറാപ്പി നിരോധന ബില്ലില്‍ നിന്ന് മതപരമായ പ്രബോധനങ്ങള്‍, പ്രാര്‍ത്ഥനകള്‍ എന്നിവയ്ക്ക് ഇളവുകള്‍ അനുവദിച്ച നടപടിയെ സ്വാഗതം ചെയ്ത് ക്രിസ്തീയ നേതൃത്വം. സ്വവര്‍ഗരതി പാപമാണെന്ന വിശ്വാസം പങ്കുവയ്ക്കുന്ന മതനേതാക്കളെ നിയമപ്രകാരം സംരക്ഷിക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനമാണ് വിശ്വാസി സമൂഹത്തിന് ആശ്വാസം പകരുന്നത്. അതേസമയം നിരോധനം പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയും അവര്‍ പങ്കുവച്ചു.

എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയില്‍ പെട്ട ആളുകളുടെ സെക്സ് ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി, ജെന്‍ഡര്‍ എക്സ്പ്രഷന്‍ എന്നിവ മാറ്റുന്നതിന് വേണ്ടി നടത്തുന്ന തെറാപ്പിയെയാണ് കണ്‍വേര്‍ഷന്‍ തെറാപ്പി എന്ന് പറയുന്നത്. ഇതില്‍ കൗണ്‍സിലിങ്ങും ഹോര്‍മോണ്‍ ചികിത്സയുമൊക്കെ ഉള്‍പ്പെടും. ഓസ്‌ട്രേലിയയില്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ഈ തെറാപ്പി നടക്കുന്നുണ്ട്. മതസ്ഥാപനങ്ങളുടെ പിന്തുണയോടെയുള്ള സ്ഥാപനങ്ങളിലും സമാനമായ ചികിത്സ നടക്കുന്നുണ്ട്. പലപ്പോഴും മാതാപിതാക്കളായിരിക്കും കുട്ടികളുമായി ഈ ചികിത്സയ്ക്കായി എത്തുന്നത്.

അതേസമയം, സ്വവര്‍ഗാനുരാഗത്തിനെതിരേയുള്ള മതപരമായ പഠിപ്പിക്കലുകള്‍, പ്രാര്‍ത്ഥനകള്‍, പ്രഭാഷണങ്ങള്‍, ഉപദേശങ്ങള്‍ എന്നിവ നിയമപ്രകാരം ശിക്ഷിക്കപ്പെടില്ലെന്ന് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് ന്യൂ സൗത്ത് വെയില്‍സ് അറ്റോര്‍ണി ജനറല്‍ മൈക്കല്‍ ഡെയ്ലി വാഗ്ദാനം ചെയ്തു.

ഒരു വ്യക്തിയുടെ അന്തസ് ലംഘിക്കുന്ന നിര്‍ബന്ധിത പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ യഥാര്‍ത്ഥമായി ലക്ഷ്യമിടുന്ന നിയമങ്ങളെ പിന്തുണയ്ക്കുമെന്ന് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ പറഞ്ഞു.

'ഈ ബില്‍ വിശ്വാസി സമൂഹം മുന്നോട്ട് വച്ച എല്ലാ ആശങ്കകളെയും അഭിസംബോധന ചെയ്തിട്ടില്ലെങ്കിലും, പ്രാര്‍ത്ഥനയും പ്രബോധനവും സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വവര്‍ഗാനുരാഗ പ്രവണതയുള്ളവരെ സത്യത്തിലും സ്നേഹത്തിലും പരിശുദ്ധമായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന 'കറേജ് ഇന്റര്‍നാഷണല്‍' എന്ന കത്തോലിക്ക കൂട്ടായ്മയ്ക്ക് ഉള്‍പ്പെടെ ഈ നിയമനിര്‍മാണത്തില്‍ നിന്ന് സംരക്ഷണം ലഭിക്കും. മതപരമായ വിശ്വാസങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുന്ന സ്വവര്‍ഗാനുരാഗ പ്രവണതയുള്ളവരെ സഹായിക്കുന്ന കൂട്ടായ്മകള്‍ കണ്‍വേര്‍ഷന്‍ തെറാപ്പിയുടെ കീഴില്‍ വരില്ലെന്ന് അറ്റോര്‍ണി ജനറല്‍ സ്ഥിരീകരിച്ചു.

ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇത്തരം കണ്‍വേര്‍ഷന്‍ തെറാപ്പി നിയമവിരുദ്ധമായി കണക്കാക്കും. തെറാപ്പിക്ക് വിധേയമാകാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും.

തെറാപ്പിയുടെ പേരില്‍ ഇലക്ട്രിക്ക് ഷോക്ക്, മര്‍ദ്ദനം എന്നിവ രോഗികള്‍ ഏല്‍ക്കുന്നതായി ആരോപണമുയര്‍ന്നതിനെതുടര്‍ന്നാണ് നിയമനിര്‍മാണം നടത്തുന്നതെന്നാണ് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.