ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി (സിഎഎ) ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി. ഉപ ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ നാലാഴ്ച വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി മൂന്നാഴ്ച സമയം അനുവദിച്ചത്.
മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, കേരള സര്‍ക്കാറിന്റേതടക്കം 250 ലധികം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആരുടെയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹര്‍ജികള്‍ മുന്‍വിധിയോടെ ഉള്ളതാണെന്നും കേന്ദ്രം വാദിച്ചു. തുടര്‍ന്ന് ഉപ ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ നാല് ആഴ്ച സാവകാശം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്രത്തിന് സാവകാശം ചോദിക്കാന്‍ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു.
എന്നാല്‍ നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് മുസ്ലീം ലീഗ് വാദിച്ചു. ആര്‍ക്കെങ്കിലും പൗരത്വം ലഭിച്ചാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ല. ചട്ടങ്ങള്‍ നിലവില്‍ വന്നത് ഇപ്പോഴാണ്. അതിനാലാണ് സ്റ്റേ ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പ്. ഈ ഉറപ്പിന് വിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കിയത്.
ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമമെന്നും ഒരു മതത്തെ മാത്രം മാറ്റി നിര്‍ത്തി പൗരത്വം നല്‍കുന്നത് പ്രഥമ ദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.