വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കുരുന്നുകളുടെ സന്തോഷത്തിനായി സഭയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ലോക ശിശുദിനാചരണം 2026 സെപ്റ്റംബർ 25 മുതൽ 27 വരെ വത്തിക്കാനിൽ നടക്കും.
ബുധനാഴ്ചത്തെ പൊതുദർശന സമ്മേളനത്തിൽവെച്ച് ലിയോ പതിനാലാമൻ പാപ്പ തന്നെയാണ് ആവേശകരമായ ഈ പ്രഖ്യാപനം നടത്തിയത്. അല്മായർക്കും കുടുംബത്തിനും ജീവിതത്തിനുമുള്ള ഡിക്കാസ്റ്ററിയാണ് ഈ ചരിത്രപരമായ ഒത്തുചേരലിന് നേതൃത്വം നൽകുന്നത്.
പ്രഖ്യാപനത്തിന് പിന്നാലെ പൊതുസമ്മേളനത്തിന്റെ അവസാനം ഗാസയിൽ നിന്നുള്ള ഏഴ് വയസുകാരൻ മജ്ദ് ബെർണാഡും ഫാ. എൻസോ ഫോർച്യൂണാറ്റോയും ചേർന്ന് വരാനിരിക്കുന്ന ശിശുദിനത്തിന്റെ ഔദ്യോഗിക ലോഗോ പതിച്ച പതാക മാർപാപ്പയ്ക്ക് സമ്മാനിച്ചത് ഹൃദയസ്പർശിയായ നിമിഷമായി.
"അഞ്ച് വയസിന് താഴെയുള്ള ഏകദേശം 13,000 കുട്ടികൾക്ക് അനുദിനം ജീവൻ നഷ്ടമാവുകയും ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ സംഘർഷഭരിത മേഖലകളിൽ കഴിയുകയും ചെയ്യുന്ന ഈ ലോകത്ത് ലിയോ പാപ്പയോടൊപ്പം മെച്ചപ്പെട്ട ഒരു ഭാവി സാധ്യമാണ് എന്ന് ഞങ്ങൾ പ്രഖ്യാപിക്കും." ഫാ. എൻസോ ഫോർച്യൂണാറ്റോ പറഞ്ഞു.
2024 ൽ നടന്ന ആദ്യത്തെ ലോക ശിശുദിനം ഒരു വൻ വിജയമായിരുന്നു. 101 രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം കുട്ടികളാണ് അന്ന് വത്തിക്കാനിൽ ഒത്തുചേർന്നത്. 2026 ലെ ആചരണം അതിലും വലുതും അർത്ഥവത്തായതുമായിരിക്കുമെന്നാണ് പ്രതീക്ഷ.
കുട്ടികളുടെ അവകാശങ്ങൾ, സുരക്ഷ, പ്രത്യാശ നിറഞ്ഞ ഒരു ലോകം എന്നിവ ലക്ഷ്യമിട്ടുള്ള ഈ ആഗോള സമ്മേളനം ലോകശ്രദ്ധ ആകർഷിക്കുമെന്നതിൽ സംശയമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.