ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള വികസിത് ഭാരത് വാട്‌സ് ആപ് സന്ദേശം എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. നിര്‍ത്തിവച്ചതായുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മോഡി സര്‍ക്കാരിന്റെ വികസനങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള വാട്‌സ് ആപ് സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികള്‍ വിലയിരുത്തിയാണ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണ് പരസ്യമെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സ്ഥാനാര്‍ഥിയായിരിക്കെ മോഡിയുടെ പേരില്‍ സന്ദേശം പ്രചരിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു.
തനിക്ക് വാട്സാപ്പില്‍ ലഭിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സര്‍ക്കാരിന് എങ്ങനെ തന്റെ നമ്പര്‍ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു. സന്ദേശത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.