റഷ്യയിൽ സംഗീത നിശയ്‌ക്കിടെ ഭീകരാക്രമണം; 60 മരണം, നൂറിലധികം പേർക്ക് പരിക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

റഷ്യയിൽ സംഗീത നിശയ്‌ക്കിടെ ഭീകരാക്രമണം; 60 മരണം, നൂറിലധികം പേർക്ക് പരിക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിൽ സംഗീതനിശ നടന്ന ഹാളിലുണ്ടായ ഭീകരാക്രമണത്തിൽ 60 മരണം. നൂറിലധികം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. തോക്കുമായെത്തിയ അഞ്ച് പേർ ആൾക്കൂട്ടത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു. മോസ്‌കോയിലെ ക്രാസ്നോഗോർസ്‌കിന് സമീപമുള്ള സിറ്റി ഹാളിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. വെടിവയ്പ്പിന് പിന്നാലെ രണ്ട് തവണ അക്രമികൾ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു. സ്‌ഫോടനത്തിന് പിന്നാലെ ഹാളിൽ വൻ തീപിടിത്തമുണ്ടായി.

വെടിവയ്പ്പിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലും, തിക്കിലും തിരക്കിലും പെട്ടും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഗീത നിശ നടന്ന ഹാളിനുള്ളിലേക്ക് വേഷം മാറിയാണ് അക്രമികൾ പ്രവേശിച്ചത് എന്നാണ് പ്രാഥമിക വിവരം. ഹാളിന്റെ കാവൽക്കാരെ വെടിവച്ച് വീഴ്‌ത്തിയതിന് ശേഷമാണ് അക്രമികൾ ഹാളിനുള്ളിലേക്ക് പ്രവേശിച്ചത്. 15-20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നിട്ടുണ്ട്. ആളുകൾ ഹാളിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നത്, കസേരകൾക്ക് പുറകിലായി ഒളിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ടെലഗ്രാം സന്ദേശത്തിലൂടെയാണ് ആക്രമണം നടത്തിയത് തങ്ങളാണെന്ന വിവരം ഇവർ പുറത്ത് വിട്ടത്. ആക്രമണം നടത്തിയ തങ്ങളുടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും ഐഎസ് പ്രസ്താവനയിൽ പറയുന്നു. കുറ്റവാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി റഷ്യൻ നാഷണൽ ഗാർഡ് അറിയിച്ചു.

ആക്രമണത്തിൽ കൃത്യമായ അന്വേഷണം ആരംഭിച്ചതായും പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് വിവരങ്ങൾ കൈമാറുന്നുണ്ടെന്നും പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. തിയേറ്റർ ബേസ്‌മെന്റ് വഴിയാണ് ഹാളിലുണ്ടായിരുന്ന നൂറോളം പേർ രക്ഷപ്പെട്ടത്. സംഗീതനിശ നടന്ന കെട്ടിടത്തിന്റെ പകുതിയോളം കത്തിനശിച്ച നിലയിലാണ്. അങ്ങേയറ്റം നിന്ദ്യമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്നും അന്താരാഷ്‌ട്ര സമൂഹം ഇതിനെ ശക്തമായി അപലപിക്കണമെന്നും റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.