വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടം നടന്ന് 35 മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പടാപ്‌സ്‌കോ നദിയില്‍ മുങ്ങിയ ട്രക്കില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. മെക്സികോ, ഗ്വാട്ടിമാല സ്വദേശികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇനി പാലത്തില്‍ നിന്ന് അപകടസമയത്ത് താഴേക്ക് വീണിട്ടുള്ള വാഹനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഈ വാഹനങ്ങള്‍ക്കുള്ളില്‍ ആളുകളുണ്ടാകാം എന്നാണ് നിഗമനം.
അപകടത്തില്‍ കാണാതായ മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചതായി ഉദ്യോഗസ്ഥാര്‍ അറിയിച്ചു. പാലം തകര്‍ന്നുണ്ടായ അവശിഷ്ടങ്ങളിലും കോണ്‍ക്രീറ്റിലും മറ്റു വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞാല്‍ അന്വേഷണം പുനരാരംഭിക്കും. വെള്ളത്തിനടിയിലുള്ള അവശിഷ്ടങ്ങള്‍ക്ക് സമീപം കൂടുതല്‍ വാഹനങ്ങളുണ്ടെന്ന് സോണാര്‍ സൂചിപ്പിച്ചതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മെക്‌സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, എന്നിവിടങ്ങളില്‍ നിന്നെത്തിയ ആറു തൊഴിലാളികളെയാണ് പാലം തകര്‍ന്ന് കാണാതായത്. പാലം തകരുമ്പോള്‍ എട്ടു നിര്‍മാണ തൊഴിലാളികളാണ് പാലത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ രണ്ടുപേരെ രക്ഷിക്കാന്‍ സാധിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചു, പ്രാഥമിക ചികിത്സകള്‍ നല്‍കി വിട്ടയച്ചു.
അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളായ ആറ് പേര്‍ മരിച്ചതായും സ്ഥിരീകരിച്ചിരുന്നു. ഇനിയും തെരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
പാലത്തില്‍ ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി കപ്പലിന്റെ ബ്ലാക് ബോക്‌സ് പരിശോധനയ്ക്ക് അയച്ചു. തുറമുഖം വിട്ട് അരമണിക്കൂറിനകം കപ്പലിലെ വൈദ്യുതി പൂര്‍ണമായി നിലയ്ക്കുകയും എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. ഇതോടെ നിയന്ത്രണമറ്റ് വെള്ളത്തില്‍ ഒഴുകിയ കപ്പല്‍ ചൊവ്വാഴ്ച പുലര്‍ച്ച ഒന്നരയോടെ പാലത്തില്‍ ചെന്നിടിക്കുകയായിരുന്നു. എഫ്ബിഐ അടക്കമുള്ള യുഎസ് ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.