ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടേയും പൗരന്മാരുടേയും അവകാശം സംരക്ഷിക്കപ്പെടണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം. ഇന്ത്യയില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുവെന്നും ഡുജാറിക്ക് പറഞ്ഞു.
അമേരിക്കയ്ക്കും ജര്‍മനിക്കും പിന്നാലെയാണ് വിഷയത്തില്‍ ഐക്യരാഷ്ട്രസഭയും നിലപാട് വ്യക്തമാക്കുന്നത്. കെജരിവാളിന്റെ അറസ്റ്റില്‍ സുതാര്യമായ നിയമ പ്രക്രിയ വേണമെന്ന നിലപാട് അമേരിക്ക വ്യാഴാഴ്ചയും ആവര്‍ത്തിച്ചിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നുവെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും യു.എസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞിരുന്നു. എന്നാല്‍, പരാമര്‍ശങ്ങള്‍ അനുചിതമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
നേരത്തെ, ഇതേ വിഷയത്തില്‍ അമേരിക്കന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചതിന് പിന്നാലെ അമേരിക്കയുടെ ഇന്ത്യയിലെ മിഷന്‍ ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഗ്ലോറിയ ബെര്‍ബെനയെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്.
ജര്‍മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സമാനമായ അഭിപ്രായ പ്രകടനം നടത്തിയപ്പോഴും ജര്‍മന്‍ മിഷന്‍ ഡെപ്യൂട്ടി ചീഫിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.