പെര്‍ത്ത്: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ പുതുക്കി ഓസ്‌ട്രേലിയയിലെ വിവിധ സിറോ മലബാര്‍ ദേവാലയങ്ങളില്‍ വിശ്വാസികള്‍ ദുഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകളിലും കുരിശിന്റെ വഴിയിലും നിരവധി മലയാളികള്‍ പങ്കെടുത്തു.
മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രലില്‍ നടന്ന ദുഖവെള്ളി ശുശ്രൂഷകള്‍ക്ക് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ നേതൃത്വം നല്‍കി. ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍ സഹകാര്‍മികനായിരുന്നു.
മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രലില്‍ നടന്ന ദുഖവെള്ളി ശുശ്രൂഷ
പീലാത്തോസിന്റെ കൊട്ടാരത്തില്‍ യേശുവിനെ കുരിശു മരണത്തിനു വിധിക്കുന്നത് മുതല്‍ ഗാഗുല്‍ത്താമലയില്‍ മരണം വരിച്ചു കല്ലറയില്‍ സംസ്‌കരിക്കപ്പെടുന്നതു വരെയുള്ള പതിനാലു സ്ഥലങ്ങളുടെയും നേര്‍ക്കാഴ്ച വിശ്വാസി സമൂഹത്തിന് ക്രിസ്തുവിന്റെ പീഢാസഹനങ്ങളുടെ തീവ്രത പകര്‍ന്നു നല്‍കി. കുരിശിന്റെ വഴിയിലും പ്രാര്‍ത്ഥനകളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകയുടെ ദുഖവെള്ളി ആചരണം വികാരി അനീഷ് ജെയിംസിന്റെ ആഭിമുഖ്യത്തില്‍ അര്‍മഡെയ്ല്‍ ഷിയോണ്‍സ്റ്റാറ്റ് ഷ്രൈനില്‍ നടന്നു.
പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകയില്‍ നടന്ന കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കാരം
ഇടവകയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പീഡാനുഭവ ചരിത്ര വായനയും നടന്നു. കുരിശില്‍ തറയ്ക്കപ്പെട്ട യേശുവിന് ദാഹിച്ചപ്പോള്‍ പടയാളികള്‍ കുടിക്കാന്‍ ചുറുക്ക കൊടുത്തതിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ കയ്പ്പുനീര്‍ സ്വീകരിച്ചു. ദേവാലയത്തിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ അനുസ്മരിച്ച് മലമുകളിലേക്കു കുരിശിന്റെ വഴി നടന്നു. സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് അംഗങ്ങള്‍ അവതരിപ്പിച്ച കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കാരം ഭക്തിസാന്ദ്രമായി. നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥനകളിലും കുരിശിന്റെ വഴിയിലും പങ്കെടുത്തത്. തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു.
സ്പ്രിങ്ഫീല്‍ഡിലെ സെന്റ് ജോസഫ്സ് സിറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ചയേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും പുനരാവിഷ്‌കാരം ശ്രദ്ധേയമായി.
ഫാ. ആന്റോ ചിരിയങ്കണ്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന ദൃശ്യാവിഷ്‌കാരത്തില്‍ ക്രിസ്തുവിന്റെ വിചാരണ, ചാട്ടവാറടി, കുരിശിലേറ്റല്‍, സംസ്‌കാരം എന്നിവ അവതരിച്ചത് കുട്ടികള്‍ക്ക് ഉള്‍പ്പെടെ വൈകാരികമായ അനുഭവമായിരുന്നു. സ്പ്രിംഗ്ഫീല്‍ഡില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ദൃശ്യാവിഷ്‌കാരം നടന്നത്. വിസിറ്റിംഗ് വിസയിലെത്തിയ പ്രായമായ മാതാപിതാക്കള്‍ക്കും ദൃശ്യാവിഷ്‌കാരം ഏറെ വൈകാരികവും ഹൃദയസ്പര്‍ശിയുമായി അനുഭവപ്പെട്ടു.
സ്പ്രിങ്ഫീല്‍ഡിലെ സെന്റ് ജോസഫ്സ് സിറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം
സിബു വര്‍ഗീസ്, റെജി ജേക്കബ് എന്നിവര്‍ ദൃശ്യാവിഷ്‌കാരത്തിന്റെ കോര്‍ഡിനേറ്റര്‍മാരായിരുന്നു. യേശുവിനെ ജെയിംസ് തോമസും പരിശുദ്ധ മറിയത്തെ ടീന ലിവിനും അവതരിപ്പിച്ചു.
ബ്രിസ്‌ബെയ്ന്‍ സൗത്ത് സെന്റ് തോമസ് ദി അപ്പോസ്തല്‍ സിറോ മലബാര്‍ ഇടവക ദേവാലയത്തിലെ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് അംഗങ്ങള്‍ അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.