ന്യൂഡല്‍ഹി: ലോക്‌സഭാ എംപിമാരില്‍ ക്രിമിനല്‍ കുറ്റം നേരിടുന്നവര്‍ 44 ശതമാനമെന്ന് സത്യവാങ്മൂലം. 514 ലോക്‌സഭാ എംപിമാരില്‍ 225 എംപിമാര്‍ക്കെതിരെ ക്രിമിനില്‍ കേസുകള്‍ ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് സത്യവാങ്മൂലം വിശകലനം ചെയ്തിരിക്കുന്നത്.
വിശകലനം ചെയ്തവരില്‍ അഞ്ച് ശതമാനവും ശതകോടീശ്വരന്മാരാണ്. ആസ്തി 100 കോടിയില്‍ കൂടുതലും. സിറ്റിങ് എംപിമാരുടെ സത്യവാങ്മൂലം പരിശോധിച്ച എഡിആറിന്റെ റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട സിറ്റിങ് എംപിമാരില്‍ 29 ശതമാനം പേര്‍ കൊലപാതക ആരോപണം, കൊലപാതക ശ്രമം, സാമുദായിക സംഘര്‍ഷം പ്രോത്സാഹിപ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ടെന്നും വ്യക്തമാക്കുന്നു.
ഗുരുതരമായ ക്രിമിനല്‍ കേസുകളുള്ള സിറ്റിങ് എംപിമാരില്‍ ഒമ്പത് പേര്‍ കൊലക്കേസുകള്‍ നേരിടുന്നവരാണ്. ഇതില്‍ അഞ്ച് എംപിമാര്‍ ബിജെപി യില്‍ പെട്ടവരാണെന്നാണ് വിശകലന റിപ്പോര്‍ട്ട് പറയുന്നത്. 28 എംപിമാര്‍ വധശ്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ പെട്ടിട്ടുണ്ട്. ഇതില്‍ 21 എംപിമാര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. 16 സിറ്റിങ് എംപിമാര്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നേരിടുന്നവരാണ്. ഇതില്‍ മൂന്ന് ബലാത്സംഗ ആരോപണങ്ങള്‍ ഉള്‍പ്പെടുന്നു.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ക്രിമിനല്‍ കേസുകള്‍ നോക്കുകയാണെങ്കില്‍, അവിടെയുള്ള എം പിമാരില്‍ 50 ശതമാനത്തിലധികം ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നവരാണെന്നാണ് വ്യക്തമാകുന്നത്.
എംപിമാരുടെ സാമ്പത്തിക വശങ്ങളും റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട്. പ്രധാന പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍ എംപിമാരുള്ളത് ബിജെപിക്കുംകോണ്‍ഗ്രസിനുമാണ്. അതേസമയം ചില എംപിമാര്‍ക്ക് നൂറുകണക്കിന് കോടികളുടെ ആസ്തിയുണ്ട്. വളരെ കുറഞ്ഞ ആസ്തിയുള്ളവരും ഉണ്ട്. നകുല്‍ നാഥ് (കോണ്‍ഗ്രസ്), ഡി.കെ സുരേഷ് (കോണ്‍ഗ്രസ്), കനുമുരു രഘു രാമകൃഷ്ണ രാജു (സ്വതന്ത്രന്‍) എന്നിവരാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ആദ്യ മൂന്ന് എംപിമാര്‍.
സിറ്റിങ് എംപിമാരുടെ വിദ്യാഭ്യാസ പശ്ചാത്തലം, പ്രായം, ലിംഗ വിഭജനം എന്നിവയും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. എം പിമാരില്‍ 73 ശതമാനം പേരും ബിരുദമോ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവരാണ്. അതേപോലെ സിറ്റിങ് എംപിമാരില്‍ 15 ശതമാനം മാത്രമാണ് വനിതകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.