നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം: ചികിത്സയിലായിരുന്ന ഹൈക്കോടതി ഡ്രൈവര്‍ മരിച്ചു; പ്രതികള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍

നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം: ചികിത്സയിലായിരുന്ന ഹൈക്കോടതി ഡ്രൈവര്‍ മരിച്ചു; പ്രതികള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന ഹൈക്കോടതിയിലെ ഡ്രൈവര്‍ മരിച്ചു. എറണാകുളം നഗരത്തില്‍ മുല്ലശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വിനോദ്(45) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വീട്ടിലെ വളര്‍ത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിനാണ് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദിനെ നാലംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍ ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാണ സോനീപത് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

മാര്‍ച്ച് 25 ന് രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മുല്ലശേരി കനാല്‍ റോഡിലുള്ള വിനോദിന്റെ വീട്ടിലെ നായ ഗേറ്റിനകത്തു നിന്ന് കുരച്ചത് അതുവഴി നടന്നുപോയ പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പ്രതികളിലൊരാള്‍ ചെരുപ്പ് കൊണ്ട് നായയെ എറിഞ്ഞു. വിനോദ് ഇത് ചോദ്യം ചെയ്തു. ഇവരും വിനോദുമായി വാക്കേറ്റമുണ്ടായി.

രണ്ടുപേര്‍ ചേര്‍ന്ന് വിനോദിനെ അടിക്കുകയും വയറ്റില്‍ ഇടിക്കുകയും ചെയ്തു. അശ്വിനി ഗോള്‍കര്‍ പിറകിലൂടെ വന്ന് വിനോദിന്റെ കഴുത്തിനു പിടിച്ച് വലതുകൈത്തണ്ട കൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. മുട്ടുകുത്തി വിനോദ് കമിഴ്ന്നു വീണിട്ടും കഴുത്തില്‍ നിന്ന് പിടിവിട്ടില്ല. പുറത്ത് കയറിയിരുന്ന് വലതു കൈത്തണ്ട കൊണ്ട് കഴുത്തില്‍ അമര്‍ത്തി വലിച്ചു മുറുക്കി.

ബഹളം കേട്ട് ഓടിക്കൂടിയവരാണ് പ്രതിയുടെ പിടിയില്‍ നിന്നു വിനോദിനെ മോചിപ്പിച്ചത്. അപ്പോഴേക്കും വിനോദ് അവശനായിരുന്നു. ഉടന്‍ ആശുപത്രിയിലാക്കി. കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്സിജന്‍ എത്തുന്നത് തടസപ്പെട്ടിരുന്നു. ഉടന്‍ വിനോദിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിനോദ് താമസിക്കുന്നതിന് രണ്ട് വീട് അപ്പുറത്താണ് പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവ ദിവസം കെഎസ്ആര്‍ടിസി പരിസരത്തെ വിവേകാനന്ദ റോഡില്‍ നിന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.