കാന്‍ബറ: ഈ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ച ട്രാന്‍സ്ജെന്‍ഡര്‍ ദിനമായി പ്രഖ്യാപിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെ സമാന വിഷയത്തില്‍ തിരിച്ചടി നേരിട്ട് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഓസ്‌ട്രേലിയയില്‍ ഈസ്റ്റര്‍ ആശംസകള്‍ക്കു പകരം രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ പാര്‍ലമെന്റ് അംഗമായ പെന്നി വോങ് സമൂഹ മാധ്യമത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ദിനം ആഘോഷിക്കാനുള്ള ആഹ്വാനം നല്‍കിയത്.
ട്രാന്‍സ്ജെന്‍ഡര്‍ പതാകയുടെ ചിത്രം പങ്കിട്ടതിനൊപ്പം ആല്‍ബനീസി ലേബര്‍ സര്‍ക്കാര്‍ ഓസ്ട്രേലിയയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന അടിക്കുറിപ്പിലാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്.
ക്രൈസ്തവരുടെ ഏറ്റവും വിശേഷപ്പെട്ട ദിനമായ ഈസ്റ്റര്‍ ദിനം ഓസ്‌ട്രേലിയയിലെ എല്ലാ പള്ളികളും ഏറ്റവും ഭക്ത്യാദരപൂര്‍വം ആഘോഷിക്കാറുണ്ട്. മതഭേദമന്യേ എല്ലാ ജനപത്രിനിധികളും ആംശസകളും ഈസ്റ്റര്‍ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ദിനം ആഘോഷിക്കണമെന്ന പെന്നി വോങ്ങിന്റെ നിലപാടിനെതിരേ വിമര്‍ശനം ശക്തമാണ്.
സൗത്ത് ഓസ്ട്രേലിയ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ് പെന്നി വോങ്. ആറായിരത്തിലേറെ പേരാണ് പെന്നി വോങ്ങിന്റെ നിലപാടിനെ വിമര്‍ശിച്ച് പ്രതികരിച്ചത്.
ഞായറാഴ്ച പുറത്തുവിട്ട പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിയുടെ ഈസ്റ്റര്‍ സന്ദേശം ഇങ്ങനെയായിരുന്നു - 'പ്രതീക്ഷയുടെയും നവീകരണത്തിന്റെയും സമയമാണ് ഈസ്റ്റര്‍. ഇവിടെയും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്ക് ഇത് പുനരുത്ഥാനത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു നിമിഷമാണ്'.
ഈസ്റ്റര്‍ ദിനം ട്രാന്‍സ്‌ജെന്‍ഡര്‍ ഡേ ഓഫ് വിസിബിലിറ്റി ദിനമായി പ്രഖ്യാപിച്ച ജോ ബൈഡനാണ് ആദ്യം വിമര്‍ശനം നേരിട്ടത്. റോമന്‍ കത്തോലിക്കനായ പ്രസിഡന്റ് ബൈഡന്‍ മതത്തോട് കൂറില്ലാത്തവനാണെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു.
ഈസ്റ്റര്‍ മുട്ടകള്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കിയ വൈറ്റ് ഹൗസ് നടപടി ഭയാനകവും അപമാനകരവുമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലുടനീളമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കരോടും ക്രിസ്ത്യാനികളോടും ബൈഡന്‍ മാപ്പ് പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ആന്‍ഡ്രൂ ബേറ്റ്സ് പറഞ്ഞു. ബൈഡന്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയും കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 2021-ല്‍ അദ്ദേഹം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുകയും ചെയ്‌തെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള ബൈഡന്റെ രാഷ്ട്രീയ നിലപാടുകളും ഗര്‍ഭച്ഛിദ്രത്തിനായി സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.