ന്യൂയോര്‍ക്ക്: അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ തടസപ്പെടുത്തി പാലസ്തീന്‍ അനുകൂലികള്‍. ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ തിമോത്തി ഡോളന്റെ നേതൃത്വത്തില്‍ ശനിയാഴ്ച്ച വൈകിട്ട് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് ദേവാലയത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച രംഗങ്ങളുണ്ടായത്. 'പാലസ്തീന്‍ സ്വതന്ത്രമാക്കുക' എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് വലിയ ബാനറുമായി മൂന്നംഗ സംഘം അള്‍ത്താരയ്ക്ക് മുന്നിലേക്ക് അതിക്രമിച്ചുകടക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ ന്യൂയോര്‍ക്ക് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
'നിശബ്ദത = മരണം' എന്ന് എഴുതിയ ബാനറുമായാണ് പ്രതിഷേധക്കാര്‍ അള്‍ത്താരയുടെ മുന്നിലേക്കു അതിക്രമിച്ചു കടന്നത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധക്കാരെ ബലമായി നീക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇരിപ്പിടങ്ങളിലുണ്ടായിരുന്ന ഏതാനും ചില പ്രതിഷേധക്കാര്‍ 'പാലസ്തീനെ സ്വതന്ത്രമാക്കൂ' എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. പ്രതിഷേധക്കാരെ പള്ളിയില്‍ നിന്ന് പുറത്താക്കി. പിന്നാലെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
63 കാരനായ ജോണ്‍ റോസെന്‍ഡാല്‍, 35 കാരനായ ഗ്രിഗറി ഷ്വെഡോക്ക്, 31 കാരനായ മാത്യു മെന്‍സീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ടൈംസ് സ്‌ക്വയറില്‍ ഒരു ദിവസം നീണ്ടുനിന്ന പാലസ്തീന്‍ അനുകൂല റാലിക്കിടെയാണ് പ്രതിഷേധക്കാര്‍ പള്ളിക്കുള്ളിലേക്കും അതിക്രമിച്ചു കയറിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ യുഎസ് ഓപ്പണ്‍ വനിതാ സെമിഫൈനല്‍ തടസപ്പെടുത്തിയതിന് ഗ്രിഗറി ഷ്വെഡോക്ക് അറസ്റ്റിലായിരുന്നു. അന്ന് 50 മിനിറ്റോളം മത്സരം തടപ്പെട്ടിരുന്നു.
സംഭവത്തെ ഇടവകാംഗങ്ങള്‍ അപലപിച്ചു. നാം എല്ലാവരും പരസ്പരം മതങ്ങളെ ബഹുമാനിക്കണം. ഗാസയില്‍ നടക്കുന്നത് ഭയാനകമാണ്, എന്നാല്‍ നിങ്ങളുടെ അക്രമാസക്തമായ പ്രതിഷേധത്തിനുള്ള വേദി ദേവാലയമല്ല - അര്‍തുറോ ബാലെസ്റ്റര്‍ എന്നയാള്‍ പറഞ്ഞു.
ഇസ്രയേലിലെയും ഗാസയിലെയും സിവിലിയന്‍മാരുടെ മരണത്തെ ഫ്രാന്‍സിസ് പാപ്പയും കത്തോലിക്കാ ബിഷപ്പും ആവര്‍ത്തിച്ച് അപലപിച്ചിട്ടുണ്ട്. അതിനാല്‍ ദേവാലയത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള ഇത്തരം പ്രകടനങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.