ഇലക്ടറല്‍ ബോണ്ട്: നടപടിക്രമങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച് എസ്ബിഐ

 ഇലക്ടറല്‍ ബോണ്ട്: നടപടിക്രമങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച് എസ്ബിഐ

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പനയും വീണ്ടെടുക്കലും സംബന്ധിച്ച പ്രവര്‍ത്തന നടപടിക്രമങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചത്. നിയമത്തിലെ കൊമേഴ്ഷ്യല്‍ കോണ്‍ഫിഡന്‍സ് എന്ന ഇളവ് ഉദ്ധരിച്ചായിരുന്നു വിവരം നല്‍കാന്‍ വിസമ്മതിച്ചത്.

ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പനയും വീണ്ടെടുക്കലും സംബന്ധിച്ച് എസ്ബിഐയുടെ അംഗീകൃത ശാഖകള്‍ക്ക് നല്‍കിയ പ്രവര്‍ത്തന നടപടിക്രമങ്ങളുടെ വിശദാംശങ്ങളാണ് ഇവര്‍ തേടിയത്.

ഇലക്ടറല്‍ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിവിധ ബ്രാഞ്ചുകള്‍ക്ക് ആഭ്യന്തരമായി സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1)(ഡി) പ്രകാരം നല്‍കേണ്ടതില്ലെന്ന് എസ്ബിഐയുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ എം. കണ്ണ ബാബു നല്‍കിയ മറുപടിയില്‍ പറയുന്നു.

അതേസമയം എസ്ബിഐയുടെ മറുപടി ഞെട്ടിപ്പിക്കുന്നതാണെന്ന് അഞ്ജലി ഭരദ്വാജ് പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഇതിന്റെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിവരങ്ങള്‍ എസ്ബിഐ നിഷേധിക്കുകയാണെന്ന് അഞ്ജലി കൂട്ടിച്ചേര്‍ത്തു.

2024 ഫെബ്രുവരി 15 നാണ് സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിയത്. ഭരണഘടന പ്രതിപാധിക്കുന്ന വോട്ടര്‍മാരുടെ വിവരാവകാശത്തിന്റെ ലംഘനമാണ് പദ്ധതിയെന്ന് കോടതി വിലയിരുത്തിയിരുന്നു. 2019 ഏപ്രില്‍ 12 മുതല്‍ വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാന്‍ എസ്ബിഐക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വാങ്ങുന്നയാളുടെയും ബോണ്ടുകള്‍ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിശദാംശങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.