തായ്‍വാനില്‍ വന്‍ ഭൂചലനം; 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം, ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്

തായ്‍വാനില്‍ വന്‍ ഭൂചലനം; 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം, ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്

ടോക്കിയോ: തായ്‍വാനില്‍ വന്‍ ഭൂചലനം. ബുധനാഴ്ച രാവിലെയാണ് തായ്‌വാൻ്റെ കിഴക്ക് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഇന്നുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് തെക്കൻ ജപ്പാൻ്റെയും ഫിലിപ്പീൻസിൻ്റെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.

പ്രാദേശിക സമയം രാവിലെ എട്ടിന് മുമ്പാണ് ഭൂചലനം ഉണ്ടായത്. ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ (11 മൈൽ) തെക്ക് 34.8 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. മിയാകോജിമ ദ്വീപ് ഉൾപ്പെടെയുള്ള പ്രദേശത്തെ വിദൂര ജാപ്പനീസ് ദ്വീപുകളിൽ മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിലുള്ള സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ജപ്പാൻ്റെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

തീരപ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കാനും കർശനമായ മുൻകരുതലുകൾ എടുക്കാനും തിരമാലകൾ പെട്ടെന്ന് ഉയരുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളിൽ ശ്രദ്ധ ചെലുത്താനും തായ്‍വാനില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രാരംഭ ഭൂകമ്പം തായ്‌വാനിലുടനീളം അനുഭവപ്പെട്ടു. തായ്‌പേയിയുടെ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ഹുവാലിയന് സമീപം 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടുന്ന തുടർചലനങ്ങൾ തായ്‌പേയിലും ഉണ്ടായി.

തലസ്ഥാനത്ത് മെട്രോ കുറച്ച് സമയത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചെങ്കിലും ഒരു മണിക്കൂറിനുള്ളിൽ പുനരാരംഭിച്ചു. അതേസമയം ഗ്യാസ് ചോർച്ചയുണ്ടോയെന്ന് പരിശോധിക്കാൻ താമസക്കാർക്ക് അവരുടെ പ്രാദേശിക ബറോ മേധാവികളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചു. തായ്‌പേയിൽ, കെട്ടിടങ്ങളിൽ നിന്ന് ടൈലുകൾ വീണതായി റിപ്പോർട്ടുകളുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഹുവാലിയനിലെ അഞ്ച് നില കെട്ടിടം ഭാഗികമായി തകര്‍ന്നു. കെട്ടിടം 45 ഡിഗ്രി കോണില്‍ ചെരിഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. പതിറ്റാണ്ടുകളായി ദ്വീപിൽ അനുഭവപ്പെട്ടതില്‍ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതർ പറഞ്ഞു.1999 ലെ ഭൂകമ്പത്തിന് ശേഷം 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് അധികൃതർ പറഞ്ഞു.

അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 6.5 മുതല്‍ 7 വരെ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 1999 സെപ്തംബറിലാണ് തായ്‍വാനില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദ്വീപിന്‍റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തത്തിൽ ഏകദേശം 2,400 പേർ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.