ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന് കരുതി തന്നെ; പ്രതിക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി

 ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന് കരുതി തന്നെ; പ്രതിക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി

തൃശൂര്‍: ടിടിഇ വിനോദിനെ പ്രതി രജനീകാന്ത് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന് കരുതിത്തന്നെയെന്ന് എഫ്‌ഐആര്‍. പ്രതിക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

മുളങ്കുന്നത്ത് കാവ് സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത്. എസ് 11 കോച്ചിലെ വാതിലിന് സമീപമായിരുന്നു ടിടിഇ നിന്നത്. പ്രതി പിന്നില്‍ നിന്ന് രണ്ട് കൈകള്‍ കൊണ്ടും വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്.

രജനീകാന്ത് മദ്യലഹരിയിലായിരുന്നുവെന്നും വിനോദിനോട് പ്രശ്‌നമുണ്ടാക്കിയെന്നും ദൃക്‌സാക്ഷി ഇസ്മയില്‍ വെളിപ്പെടുത്തിയിരുന്നു. വിനോദ് ടിക്കറ്റ് ചോദിച്ചതും പ്രതി ചീത്ത വിളിച്ചു. ചീത്ത വിളിക്കുന്നത് നിര്‍ത്താതായതോടെ ടിടിഇ പാലക്കാട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടു. തന്നെപ്പറ്റിയാണ് ഫോണില്‍ സംസാരിക്കുന്നതെന്ന് മനസിലാക്കിയതോടെ പ്രതി വിനോദിനെ തള്ളിയിടുകയായിരുന്നു.

വിവരം പുറത്തുപറഞ്ഞാല്‍ തന്നെ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇസ്മയില്‍ പറഞ്ഞു. എറണാകുളം-പാറ്റ്ന എക്സ്പ്രസില്‍ ഇന്നലെ വൈകിട്ട് എട്ടോടെയായിരുന്നു സംഭവം. തൃശൂരിനും വടക്കാഞ്ചേരിക്കും ഇടയില്‍ വെളപ്പായ ഓവര്‍ബ്രിഡ്ജിന് സമീപത്തുവച്ചായിരുന്നു കൊലപാതകം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.