ജീവനുവേണ്ടി പ്രാർത്ഥിക്കാൻ അമേരിക്കയിലെ വിശ്വാസി സമൂഹം

ജീവനുവേണ്ടി പ്രാർത്ഥിക്കാൻ അമേരിക്കയിലെ വിശ്വാസി സമൂഹം

വാഷിങ്ടൺ : എല്ലാ ജനുവരിയിലും നടത്തപ്പെടുന്ന ‘മാർച്ച് ഫോർ ലൈഫ്’ന്റെ മുന്നോടിയായി അമേരിക്കൻ കത്തോലിക്ക ബിഷപ്പ്‌മാരുടെ ആഹ്വാനമനുസരിച്ച്,  28ന് രാത്രി നടക്കുന്ന പ്രോ-ലൈഫ് ജാഗ്രതാ പ്രാർത്ഥനയാണ് 'നാഷണൽ പ്രയർ വിജിൽ ഫോർ ലൈഫ്.' 29ന് നടക്കുന്ന നാല്പത്തി എട്ടാമത് മാർച്ച് ഫോർ ലൈഫ്, ചരിത്രത്തിൽ ആദ്യമായി ഓൺലൈനിൽ ആയിരിക്കും നടക്കുക.രാജ്യത്തുടനീളമുള്ള വിശ്വാസികൾ ഗർഭച്ഛിദ്രം അവസാനിപ്പിക്കാനായി രാത്രി മുഴുവൻ പ്രാർത്ഥിക്കും. വാഷിങ്ടൺ ഡി.സിയിലെ 'നാഷണൽ ഷ്രൈൻ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷന്റെ ബസിലിക്കയി'ലാണ് ഈ പ്രാർത്ഥന നടക്കുന്നത്. ഇത്തവണ ആരാധനയിലും പ്രാർത്ഥനകളിലും എല്ലാവരും അവരവരുടെ വീടുകളിൽ ആയിരുന്നുകൊണ്ടായിരിക്കും പങ്കെടുക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളതുകൊണ്ടും,  വാഷിങ്ടൺ ഡി സി യിൽ ആക്രമണ സാധ്യത നിലനിൽക്കുന്നത് കൊണ്ടുമാണ് ഓൺലൈൻ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.

28ന് രാത്രി പതിനൊന്നിന് വി കുർബാനയോടെ ആരംഭിച്ച് 29ന് രാവിലെ 8 മണിക്ക് വി കുർബാനയോടെ അവസാനിക്കുന്നതാണ് ജാഗരണ പ്രാർത്ഥന. (സമയം അമേരിക്കൻ 'ഈസ്റ്റേൺ ടൈം' ആണ് ). ജാഗരണപ്രാർത്ഥനകൾക്ക് വിവിധ ബിഷപ്പുമാർ കാർമികത്വം വഹിക്കും. സാൻ ആഞ്ചലോ ബിഷപ് മൈക്കിൾ സിസ്‌ ജാഗരണ പ്രാർത്ഥനയ്ക്ക് തുടക്കം കുറിക്കും. 29ന് രാവിലെ 8.00ന് ബാൾട്ടിമൂർ ആർച്ച്ബിഷപ്പ് വില്യം ലോറിയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സമാപന ബലിയോടെ ജാഗരണ പ്രാർത്ഥന അവസാനിക്കും.

സഭയുടെ "ജീവിതത്തിനായുള്ള മഹത്തായ പ്രാർത്ഥന" യുടെ ഒരു ചെറിയ ഭാഗമാണ് ഈ ദേശീയ ജാഗരണ പ്രാർത്ഥന. ബസിലിക്കയുടെ വെബ് സൈറ്റിലൂടെ ജാഗരണ പ്രാർത്ഥനയിൽ തത്‌സമയം പങ്കെടുക്കാവുന്നതാണ്. 1973ൽ ഗർഭച്ഛിദ്രം നിയമപരമായി അനുവദിച്ച് 'റോ വേഴ്സസ് വേഡ്’ കേസിൽ സുപ്രീം കോടതിയുടെ വിധി വന്നതിനെത്തുടർന്നാണ് യു എസ് സി ‌ ബി സി, വാഷിങ്ടൺ ഡി.സി ‘മാർച്ച് ഫോർ ലൈഫി'ന് തുടക്കമിട്ടത്.

ജീവന്റെ സംരക്ഷണത്തിനായി ക്രിസ്തുനാഥന്റെ സന്നിധിയിൽ സമയം ചെലവഴിക്കാൻ പ്രോലൈഫ് പ്രവർത്തനങ്ങൾക്കായുള്ള ബിഷപ്‌സ് കൗൺസിൽ ചെയർമാനും കാൻസാസ് സിറ്റി ആർച്ച്ബിഷപ്പുമായ ജോസഫ് നൗമാൻ വിശ്വാസികളെ ക്ഷണിച്ചു. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി മുമ്പത്തേക്കാൾ കൂടുതൽ പ്രാർത്ഥന ഈ കാലഘട്ടത്തിൽ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.


എന്താണ് 'റോ വേഴ്സസ്‌ വേഡ്' കേസ്?

1969ൽ നോർമ മകോർവി( 'ജെയിൻ റോ'എന്ന സാങ്കല്പിക നാമം ആണ് ഈ കേസിനെ പറ്റി പ്രതിപാദിക്കാൻ ഉപയോഗിച്ചിരിക്കുന്നത്)എന്ന സ്ത്രീ തന്റെ മൂന്നാമത്തെ കുട്ടിയെ ഗർഭഛിദ്രം ചെയ്യാൻ ഡോക്ടറെ സമീപിച്ചു. അവർ താമസിച്ചിരുന്ന ടെക്സാസ് എന്ന സംസ്ഥാനത്ത് അന്ന് ഗർഭഛിദ്രം നിയമാനുസൃതമായിരുന്നില്ല. അതിനാൽ ഡോക്ടർ അവരോട് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. ആ കേസ് കോടതിയിൽ എത്തി. ടെക്സസിലെ ഡാളസ് ഡിസ്റ്റ്രിക്റ്റ്‌ അറ്റോർണി ' ഹെന്ററി വേഡ്' ന് എതിരെ യൂ എസ്‌ ഫെഡറൽ കോർട്ടിൽ കേസ് എത്തി. അന്ന് അമ്മയുടെ ജീവൻ രക്ഷിക്കാനല്ലാതെ ഗർഭഛിദ്രം അനിവദനീയമായിരുന്നില്ല ടെക്സസിൽ. അത് ഭരണഘടനാ അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന് എതിരാണെന്ന് വാദിഭാഗം വാദിച്ചു. മൂന്നു പേരടങ്ങുന്ന പാനൽ ' ജെയിൻ റോ' ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.

 യു എസ്‌ സുപ്രീം കോടതിയെ സമീപിച്ച 'ടെക്സാസ്'ന്റെ കേസ് സുപ്രീം കോടതി ഏറ്റെടുത്തു.1973 ജനുവരിയിൽ കീഴ്‌ക്കോടതിയുടെ വിധി ശരിവച്ചു സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഗർഭഛിദ്രം ഒരു സ്ത്രീയുടെ അവകാശമാണെന്നും ഭരണഘടന അതു അനുശാസിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. വളരെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് ' റോ വേഴ്സസ്  വേഡ് ' എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് 1992ൽ കോടതി ഈ കേസ് വീണ്ടും പഠിച്ചു; വീണ്ടും ശരിവച്ചു.'പ്ലാൻഡ് പേരന്റ്  ഹുഡ് ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗർഭഛിദ്രം ഇന്നും നിയമാനുസൃതമായിതന്നെ തുടരുന്നു.

അമേരിക്കയിലെ ഇപ്പോഴത്തെ നിയമമനുസരിച്ച് ആദ്യത്തെ മൂന്നുമാസം ഗർഭഛിദ്രം നടത്തുന്നതിൽ നിയമത്തിന് ഇടപെടാനാവില്ല. രണ്ടാമത്തെ മൂന്നുമാസം ചില നിയന്ത്രണങ്ങളോടുകൂടി ഗർഭഛിദ്രം ആവാം. അവസാനത്തെ മൂന്നുമാസം അമ്മയുടെ ജീവൻ രക്ഷിക്കാനല്ലാതെ ഗർഭഛിദ്രം അനുവദനീയമല്ല. ഈ നിയമങ്ങൾക്കും ഇനി മാറ്റം വരില്ല എന്ന് ആര് കണ്ടു! പുതിയ ഭരണകൂടം ഇതിന് അനുകൂലമായിട്ടുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇന്ന് തുടങ്ങുന്ന ജാഗരണ പ്രാർത്ഥന ഈ ക്രൂരതക്ക് വിലങ്ങു വയ്ക്കാൻ കാരണമാകട്ടെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.