തായ്‌വാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കാണാതായവരില്‍ രണ്ട് ഓസ്‌ട്രേലിയക്കാരും; മരണസംഖ്യ 12 ആയി

തായ്‌വാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കാണാതായവരില്‍ രണ്ട് ഓസ്‌ട്രേലിയക്കാരും; മരണസംഖ്യ 12 ആയി

തായ്‌പെയ്: തായ്‌വാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കാണാതായവരില്‍ രണ്ട് ഓസ്‌ട്രേലിയക്കാരും. ഓസ്ട്രേലിയന്‍-സിംഗപ്പൂര്‍ ഇരട്ട പൗരത്വമുള്ള നിയോ സീവ് ചൂ, സിം ഹ്വീ കോക്ക് എന്നിവരെയാണ് കാണാതായതെന്ന് തായ്‌വാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

കാണാതായ രണ്ട് ഓസ്ട്രേലിയക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയന്‍ വിദേശകാര്യ വകുപ്പ്. ഇതിനായി തായ്പേയിലെ ഓസ്ട്രേലിയന്‍ ഓഫീസ് പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് അന്വേഷണം തുടരുകയാണ്.

രണ്ട് ഓസ്ട്രേലിയക്കാരുള്‍പ്പെടെ 71 വിദേശികളെ രക്ഷപ്പെടുത്തിയതായി തായ്‌വാന്‍ സര്‍ക്കാര്‍ നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ട് ഓസ്ട്രേലിയക്കാരെക്കുറിച്ച് യാതൊരു വിവരവുമില്ല.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 600-ലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കായുള്ള തെരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. ഭൂകമ്പത്തില്‍ 12 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 821 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് കാല്‍നൂറ്റാണ്ടിനിടെയുണ്ടായ അതിശക്തമായ ഭൂകമ്പമാണു കഴിഞ്ഞ ദിവസമുണ്ടായത്. പ്രഭവകേന്ദ്രമായ കിഴക്കന്‍ തീരനഗരം ഹുവാലിയനില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഹുലിയന്‍ കൗണ്ടിയില്‍ നിര്‍മിച്ചിട്ടുള്ള തുരങ്കങ്ങളില്‍ ഡസന്‍ കണക്കിന് ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്.

ഭൂകമ്പത്തില്‍ 48 വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതായി മേയര്‍ ഹ്‌സു ചെന്‍-വെയ് പറഞ്ഞു. ചില കെട്ടിടങ്ങളുടെ അടിത്തറ ഇളകി ചെരിഞ്ഞ നിലയിലാണ്. പലരും ടെന്റുകളിലാണ് അഭയം തേടിയിരിക്കുന്നത്. എന്നാല്‍, ഭൂരിപക്ഷം ഹുവാലിയന്‍ നിവാസികളും സാധാരണ ജീവിതത്തിലേക്കു മടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. തായ്‌വാന്‍ സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചതായി തായ്വാന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ടാര്‍കോ ദേശീയ പാര്‍ക്കിനുള്ളില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ഡസനോളം ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഖനിയില്‍ കുടുങ്ങിയ 64 തൊഴിലാളികള്‍ക്കു പുറത്തുകടക്കാനായിട്ടില്ല. തങ്ങള്‍ സുരക്ഷിതരാണെന്നും റോഡിലെ തടസങ്ങള്‍ മൂലം പുറത്തെത്താന്‍ കഴിയുന്നില്ലെന്നും ഇവര്‍ അറിയിച്ചു.

മറ്റൊരു ഖനിയിലെ ആറ് തൊഴിലാളികളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുറത്തെത്തിച്ചു. ഭൂകമ്പവും തുടര്‍ചലനങ്ങളും മണ്ണിടിച്ചിലും മൂലം റോഡുകള്‍ക്കും പാലങ്ങള്‍ക്കും തുരങ്കപാതകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നിയമസഭയ്ക്കും തായ്‌പേയിലെ പ്രധാന വിമാനത്താവളത്തിനും ഭാഗിക കേടുപാടുകളുണ്ടായി. ബുധനാഴ്ച രാവിലെ മുതല്‍ വ്യാഴാഴ്ച വരെ 300ലധികം തുടര്‍ചലനങ്ങളുണ്ടായതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.