നവജാത ശിശുക്കള്‍ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്ക്, വില ആറ് ലക്ഷം വരെ; സിബിഐ റെയ്ഡില്‍ മൂന്ന് കുഞ്ഞുങ്ങളെ രക്ഷിച്ചു

നവജാത ശിശുക്കള്‍ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്ക്, വില ആറ് ലക്ഷം വരെ; സിബിഐ റെയ്ഡില്‍ മൂന്ന് കുഞ്ഞുങ്ങളെ രക്ഷിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് സിബിഐ നടത്തിയ റെയ്ഡില്‍ മൂന്ന് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. സംഭവത്തില്‍ സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ കേശവപുരം എന്ന സ്ഥലത്തെ ഒരു വീട്ടില്‍ ഇന്നലെ രാത്രി നടത്തിയ റെയ്ഡിലാണ് സിബിഐ മൂന്ന് കുഞ്ഞുങ്ങളെ രക്ഷിച്ചത്. നവജാത ശിശുക്കളെ വാങ്ങി മറിച്ച് വില്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

അറസ്റ്റിലായവരില്‍ ഒരു ആശുപത്രി വാര്‍ഡ് ബോയിയും മറ്റ് നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം 10 കുട്ടികളെ വിറ്റതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികളെ കടത്തി വ്യാപാരം ചെയ്യുന്ന അധോലോക സംഘങ്ങള്‍ രാജ്യ തലസ്ഥാനത്ത് സജീവമാണെന്നാണ് സിബിഐ നല്‍കുന്ന വിവരം.

നവജാത ശിശുക്കളെ കരിഞ്ചന്തയില്‍ ചരക്കുകളായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികളെ വിറ്റ സ്ത്രീയെയും വാങ്ങിയവരെയും ഉള്‍പ്പെടെ സിബിഐ ചോദ്യം ചെയ്യും. സിബിഐ അന്വേഷണം ഒന്നിലധികം സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. പല പ്രധാന ആശുപത്രികളിലും സിബിഐ പരിശോധന നടത്തുന്നുണ്ട്.

കൈക്കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനെക്കുറിച്ച് സിബിഐക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തില്‍ 5.5 ലക്ഷം രൂപയും മറ്റ് രേഖകളും കണ്ടെടുത്തു. രക്ഷിതാക്കളില്‍ നിന്നും വാടക അമ്മമാരില്‍ നിന്നും കുഞ്ഞുങ്ങളെ വാങ്ങിയ ശേഷം നാല് മുതല്‍ ആറ് ലക്ഷം രൂപ വരെ വിലയ്ക്ക് വില്‍ക്കുകയായിരുന്നു.

ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കി കുട്ടികളില്ലാത്ത ദമ്പതികളെ കബളിപ്പിച്ചതിലും പ്രതികള്‍ക്ക് പങ്കുള്ളതായി സിബിഐ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സിബിഐ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.